കാഴ്ചപരിമിതി വഴിമാറി; 109-ാം റാങ്കോടെ അജയ്
കുറ്റ്യാടി (കോഴിക്കോട്): കാഴ്ചപരിമിധിയെ തോല്പിച്ച് അജയ് ആർ.രാജ് കൈപ്പിടിയിലൊതുക്കിയത് സിവിൽ സർവീസ് പരീക്ഷയിൽ 109-ാം റാങ്ക്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് നാഗംപാറ നെല്ലോംകുഴി രാജൻ - രാധ ദമ്പതികളുടെ ഇളയ മകനാണ് അജയ്. ഓട്ടോ ഡ്രൈവറാണ് പിതാവ്.
ജന്മനാ കാഴ്ചപരിമിതിയുണ്ട്. കാവിലുംപാറ എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫുൾ.എ പ്ലസോടെ എസ്.എസ്.എൽ.സിയും തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ നിന്ന് സി.ബി.എസ്.ഇയിൽ ആൾ ഇന്ത്യാ എട്ടാം റാങ്കും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടിയ അജയ് തിരുവനന്തപുരം ലീഡ് ഐ.എ.എസിലായിരുന്നു സിവിൽ സർവീസ് കോച്ചിംഗ്. അഞ്ചുതവണ എഴുതി. കഴിഞ്ഞ വർഷം 730-ാം റാങ്കിലെത്തിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അസി. ലക്ചററായി ജോലി നോക്കിയിട്ടുണ്ട്. നിലവിൽ റെയിൽവേയിലാണ്. സഹോദരൻ റിനോജ്.എം.കെ കേരള യൂണിവേഴ്സിറ്റിയിൽ അസി.പ്രൊഫസറാണ്.
' വലിയ സന്തോഷമുണ്ട്. ഇത്രയും വലിയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം കൂടെ നിന്നു.
- അജയ് ആർ.രാജ്
നേട്ടവുമായി സിവിൽ സർവീസ് അക്കാഡമി
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ നേട്ടവുമായി സംസ്ഥാന സിവിൽ സർവീസ് അക്കാഡമി. ഇവിടെ രജിസ്റ്റർചെയ്ത 133 പേരിൽ 47 പേർ റാങ്ക്പട്ടികയിൽ ഇടം നേടിയതായി ഡയറക്ടർ ഇഷിതാ റോയി പറഞ്ഞു. ആദ്യ 100 റാങ്കുകാരിൽ രണ്ടു പേരും 150 ൽ ഏഴ് പേരും ഉൾപ്പെട്ടു. കഴിഞ്ഞ വർഷം 44 പേരായിരുന്നു . ,,സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം നടത്തിവരുന്നു.യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവനം പരിശീലനത്തിന് പ്രയോജനപ്പെടുത്തി. കേരളത്തിലെ മറ്റ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, പോരായ്മകൾ പരിഹരിച്ച്, ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയാണ് അക്കാഡമി സ്ഥാപിച്ചത്. സിവിൽ സർവീസ് മേഖലയിലെ വിദഗ്ധരുടെ സേവനം അക്കാഡമിക് രംഗത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. മികച്ച ലൈബ്രറി സൗകര്യവും അക്കാഡമിയുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തെ കൂടാതെ ഉപകേന്ദ്രങ്ങളുമുണ്ട്.
നിയമനത്തിന് 958 പേരുടെ പട്ടിക
ന്യൂഡൽഹി: 2025ലെ സിവിൽ സർവീസ് ജേതാക്കളായി 958 പേരുടെ പട്ടികയാണ്യു.പി.എസ്.സി ഇന്നലെ പ്രസിദ്ധീകരിച്ചത്.ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, കേന്ദ്രത്തിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് നിയമനം. 1087 ഒഴിവുകളുണ്ട്. രണ്ടു ഉദ്യോഗാർത്ഥികളുടെ ഫലം തടഞ്ഞുവച്ചു. 258 പേരുടെ റിസർവ് ലിസ്റ്റും 348 പേരുടെ പ്രൊവിഷണൽ ലിസ്റ്റും തയ്യാറാക്കി. റാങ്ക് പട്ടിക upsc.gov.in, upsconline.nic.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. 2025 മേയ് 25നായിരുന്നു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ആഗസ്റ്റ് 22 മുതൽ 31 വരെയായിരുന്നു. ഇന്റർവ്യൂ 2026 ഫെബ്രുവരി 27ന് അവസാനിച്ചു. ഉദ്യോഗാർത്ഥികളുടെ സംശയനിവാരണത്തിന് ഡൽഹിയിലെ യു.പി.എസ്.സി ആസ്ഥാനത്ത് പ്രത്യേക കൗണ്ടർ തുറന്നു. ഫോൺ: 011- 23385271, 011- 23381125, 011- 23098543.
1.ജനറൽ - 317 2.ഒ.ബി.സി - 306 3.എസ്.സി - 158 4.ഇ.ഡബ്ല്യു.എസ്- 104 5.എസ്.ടി - 73