ഓപ്പറേഷൻ 'സൈ-ഹണ്ട്': 455 കേസുകൾ, 165 അറസ്റ്റ്

Saturday 07 March 2026 12:50 AM IST

തിരുവനന്തപുരം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ “സൈ-ഹണ്ട്' എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനകളിൽ 455 കേസുകളെടുത്തു, 165 പേരെ അറസ്റ്റ് ചെയ്തു. 1168 റെയ്‌ഡുകൾ നടത്തി. 216 പേർക്ക് നോട്ടീസ് നൽകി. 306 ഉപകരണങ്ങൾ പിടിച്ചെടുത്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും 5ന് രാവിലെ 7മുതൽ ഒരേസമയം റെയ്ഡുകൾ തുടങ്ങി. മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കുന്നതിന് സഹായിക്കുന്നവർ, സാമ്പത്തിക ഇടനിലക്കാർ എന്നിവ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകൾ. 422 മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. 670 പേർ ചെക്ക് വഴി തട്ടിപ്പുപണം പിൻവലിച്ചതായും 263 പേർ എ.ടി.എം. വഴി തട്ടിപ്പുപണമെടുത്തതായും കണ്ടെത്തി. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നൽകിയിരുന്ന പരാതികൾ അടിസ്ഥാനമാ ആയിരുന്നു റെയ്ഡുകൾ. അന്യ സംസ്ഥാന ബന്ധമുള്ള വിവരങ്ങൾ അവിടങ്ങളിലെ പൊലീസിന് കൈമാറും.