ക്യാറ്റ്സ് ക്ലോ പൂക്കൾ ഒറ്റപ്ലാവിൽ വീടിന്റെ ഐശ്വര്യം
പത്തനംതിട്ട : നന്നുവക്കാട് കേരളകൗമുദി റോഡിന് സമീപമുള്ള ഒറ്റപ്ലാവിൽ വീട്ടിൽ മഞ്ഞപ്പൂക്കളുടെ വസന്തമാണ്. വിദേശ മലയാളിയായ പോൾ ജോണിന്റെ ഇരുനില വീടിന്റെ ബാൽക്കണിയിലും സൺഷെയിഡിലുമായി പടർത്തിയ ക്യാറ്റ്സ് ക്ലോ ചെടി നിറഞ്ഞുകവിഞ്ഞ് പൂവിട്ടത് കൗതുകം നിറഞ്ഞ കാഴ്ചയാകുന്നു. എട്ടു വർഷങ്ങൾക്ക് മുൻപ് പോളിന് സുഹൃത്തും എസ്.പി ഓഫീസിലെ ജീവനക്കാരനുമായ ജ്യോതിഷ് നൽകിയതാണ് ക്യാറ്റ്സ് ക്ലോ ചെടി. പേര് സൂചിപ്പിക്കും പോലെ പൂച്ചയുടെ നഖത്തിന് സമാനമായ മുള്ളുകൾ നിറഞ്ഞതാണ് ഈ വള്ളിച്ചെടി. അതിനാൽ വീടാകെ ചെടി വളർന്നാലും ഇതിലൂടെ ഇഴജന്തുക്കളോ മറ്റു ജീവികളോ കയറുമെന്ന ഭയം വേണ്ടെന്ന് വീട്ടുടമ പറഞ്ഞു. പോളിന്റെ മാതാവ് ഗ്രേസിയാണ് ഈവീട്ടിൽ സ്ഥിരതാമസം. മൂന്ന് വർഷം മുൻപാണ് ക്യാറ്റ്സ് ക്ലോ ആദ്യമായി പൂവിട്ടത്. ചെടിയിൽ കുലകുലകളായി മൊട്ടിട്ടുകഴിഞ്ഞാൽ മൂന്നാം ദിനം പൂക്കൾ പൂർണമായി വിരിയും. ഇതു കൂടാതെ വിദേശ ഇനത്തിൽപ്പെട്ട മാനിന്റെ കൊമ്പുപോലെ ഇലകളുള്ള സ്റ്റാഗ് ഹോൺ ചെടിയും ഇവിടെയുണ്ട്.
കൂടൊരുക്കാൻ കുരുവിക്കൂട്ടം
മഞ്ഞപ്പൂക്കളുടെ ഗരിമ നിറഞ്ഞ ഒറ്റപ്ലാക്കൽ വീട് കുരുവിക്കൂട്ടങ്ങളുടെ ഇഷ്ടയിടം കൂടിയാണ്. മുകളിലെ കിടപ്പുമുറിയിൽ കുരുവികൾ കൂടുകൂട്ടിയിട്ട് നാളുകളേറെയായി. ഇവയുടെ സ്വതന്ത്രസഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ഇവിടെ ഫാനോ ഉപയോഗിക്കുകയോ ജനാലകൾ അടയ്ക്കുകയോ ചെയ്യാറില്ലെന്ന് പോൾ ജോൺ പറഞ്ഞു. കുരുവികൾ പോൾ ജോണിന്റെ കയ്യിൽ വന്നിരുന്നു പഴങ്ങൾ കൊത്തിതിന്നുന്നതും മനോഹര കാഴ്ചയാണ്.