പച്ചപ്പുല്ലിന് ക്ഷാമം, കച്ചിക്ക് തീവില; പശുക്കൾ പട്ടിണിയിൽ, വലഞ്ഞ് ക്ഷീര കർഷകർ
പത്തനംതിട്ട : കത്തുന്ന വേനലിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങിയതോടെ പശുക്കൾക്ക് തീറ്റ ഒരുക്കാനാകാതെ ക്ഷീരകർഷകർ വലയുന്നു. പച്ചപ്പുല്ല് കിട്ടാത്ത സാഹചര്യം മുതലെടുത്ത് കച്ചിയുടെ വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കറവപ്പശുക്കളുടെ ശരീരോഷ്മാവ് വർദ്ധിച്ചത് പാൽ ലഭ്യതയിലും കുറവിന് കാരണമായി. കച്ചിയും കാലിത്തീറ്റയും മാത്രം നൽകേണ്ടിവരുന്നതും പാൽ ലഭ്യതക്കുറവിന് കാരണമാകുന്നതായി ക്ഷീരകർഷകർ പറയുന്നു. ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ പശു വളർത്തൽ ബുദ്ധിമുട്ടാകുകയാണ്. കച്ചിക്കും കാലിത്തീറ്റയ്ക്കും കൃത്രിമ വിലക്കയറ്റമുണ്ടാക്കുകയാണെന്ന് ആക്ഷേപമുണ്ട്.
തുടർച്ചയായി നല്ല മഴ ലഭിച്ചാൽ മാത്രമേ പച്ചപ്പുല്ല് കിളിർത്തുവരൂ. തുറസായ സ്ഥലങ്ങളിൽ പശുക്കളെ മേയാൻ വിട്ടാൽ വയറുനിറയാതെയാണ് തിരിച്ചെത്തുന്നത്. ഒരു പശുവിന് ഒരു ദിവസം ഇരുപത്തിയഞ്ച് കിലോ പച്ചുപ്പല്ല് വേണ്ടിവരും.
ഇടപെടൽ അനിവാര്യം
ക്ഷീര കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ക്ഷീര വികസന വകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കാലിത്തീറ്റകൾക്ക് കമ്പനികൾ വില കൂട്ടുമ്പോൾ നിയന്ത്രിക്കാൻ അധികൃതർ രംഗത്തില്ല. കാലിത്തീറ്റ സബ്സിഡി കുറച്ചത് ക്ഷീര കർഷകർക്ക് വിനയായി. 50 കിലോ വരുന്ന തീറ്റയുടെ വില 1500 ന് മുകളിലാണ്. ഈ വർഷം ആദ്യം 1450 ആയിരുന്നു. കച്ചി ഒരു റോളിന് രണ്ടു മാസത്തിനിടെ 10രൂപ കൂടി. ഇപ്പോൾ 340 ആണ് വില. ക്ഷീരസംഘങ്ങൾ സബ്സിഡിയോടെ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപമുണ്ട്.
തീറ്റയുടെ കുറവുമൂലം പാലിന്റെ അളവും ഗുണമേൻമയും കുറയുന്നതിനാൽ ക്ഷീരസംഘങ്ങളിൽ നിന്ന് കർഷകർക്ക് ലഭിക്കുന്ന വരുമാനം കുറഞ്ഞു. ക്ഷീരസംഘങ്ങൾ ഉയർന്ന വിയ്ലക്ക് പാൽ വിൽക്കുമ്പോൾ അതിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല.
വേനൽക്കാലത്ത് പശു വളർത്തൽ പ്രയാസമേറിയതാണ്. കാലത്തീറ്റയുടെയും കച്ചിയുടെയും വില പിടിച്ചു നിറുത്താൻ സർക്കാർ ഇടപെടണം.
രവീന്ദ്രൻ, ക്ഷീരകർഷകൻ, കടമ്പനാട്
ജില്ലയിലെ പശുക്കളുടെ എണ്ണം : 57,345
കച്ചി ഒരു റോളിന് വില : 340
കാലിത്തീറ്റ വില : 1500 രൂപ (50 കിലോ)