കിട്ടാക്കടം ഒറ്റത്തവണ തീർപ്പാക്കാൻ ബാങ്ക് ഒഫ് ഇന്ത്യ അവസരമൊരുക്കുന്നു
Saturday 07 March 2026 12:40 AM IST
കൊച്ചി: തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കലിലൂടെ ക്ളാേസ് ചെയ്യാൻ ബാങ്ക് ഒഫ് ഇന്ത്യയുടെ എല്ലാ ശാഖകളിലും സോണുകളിലും എഫ്.ജി.എം.ഒകളിലും മാർച്ച് 16 മുതൽ 20 വരെ 'മെഗാ സമ്ഝൗത ക്യാമ്പെയ്ൻ' സംഘടിപ്പിക്കുന്നു. ബിസിനസ് നഷ്ടം, ആരോഗ്യ പ്രശ്‌നങ്ങൾ അല്ലെങ്കിൽ മറ്റ് യഥാർത്ഥ കാരണങ്ങളാൽ സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന എൻ.പി.എ അക്കൗണ്ടുകൾക്ക് സഹായകരമായ രീതിയിലാണ് സംവിധാനം. ചെറുകിട, ഇടത്തരം മൂല്യമുള്ള എൻ.പി.എ അക്കൗണ്ടുകൾ തീർപ്പാക്കുന്നതിന് ബാങ്കിന് വിവിധ വൺ ടൈം സെറ്റിൽമെന്റ് പദ്ധതികൾ നിലവിലുണ്ട്. ഈ പദ്ധതികളുടെ ഭാഗമായി പ്രത്യേക ഇളവുകളും മികച്ച ഡിസ്‌കൗണ്ടുകളും ലഭിക്കും. എൻ.പി.എ അക്കൗണ്ടുള്ള എല്ലാ വായ്പ ഉടമകളും ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.