ദുബായിൽ സ്വർണത്തിന് ആദായ വിൽപ്പന
യുദ്ധം വ്യാപിച്ചതോടെ കച്ചവടക്കാർക്ക് ഭീതിയേറുന്നു
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ കപ്പൽ, വിമാന മാർഗങ്ങളിലൂടെ ചരക്കു നീക്കം നിശ്ചലമായതോടെ ദുബായിലെ വ്യാപാരികൾ സ്വർണം വൻ സിസ്‌കൗണ്ടിൽ വിറ്റൊഴിക്കുന്നു.ഷിപ്പിംഗ് നിരക്കും ഇൻഷ്വറൻസും കുതിച്ചുയർന്നതോടെ സ്വർണം വാങ്ങാൻ ഇന്ത്യ അടക്കമുള്ള വിപണികളിലെ ബയേഴ്‌സ് തയ്യാറാകുന്നില്ല. വാങ്ങൽ കരാറുകൾ പുതുക്കാനും ഉപഭോക്താക്കൾ മടിക്കുന്നു. ഒരു ഔൺസിന് 30 ഡോളർ വരെ വിലയിളവാണ് വൻകിട സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര ഹബാണ് ദുബായ്. സ്വർണം സൂക്ഷിക്കുന്നതിനുള്ള അധിക ചെലവും സുരക്ഷിതത്വവും കണക്കിലെടുക്കുമ്പോൾ വിലയിളവ് നൽകുന്നതാണ് ലാഭമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം നിലവിൽ ഇന്ത്യയിലെ സ്വർണ വിപണിയിൽ സപ്ളൈ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പ്രതിസന്ധി അനിശ്ചിതമായി നീണ്ടാൽ സ്വർണാഭരണ നിർമ്മാണ മേഖലയുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 5,090 ഡോളറലേക്ക് താഴ്ന്നിരുന്നു.