സ്വര്‍ണ വില്‍പ്പന വന്‍ ഡിസ്‌കൗണ്ടില്‍, കോളടിക്കുന്നത് മുഴുവന്‍ പ്രവാസികള്‍ക്ക്

Saturday 07 March 2026 12:08 AM IST

യുദ്ധം വ്യാപിച്ചതോടെ കച്ചവടക്കാര്‍ക്ക് ഭീതിയേറുന്നു

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ കപ്പല്‍, വിമാന മാര്‍ഗങ്ങളിലൂടെ ചരക്കു നീക്കം നിശ്ചലമായതോടെ ദുബായിലെ വ്യാപാരികള്‍ സ്വര്‍ണം വന്‍ സിസ്‌കൗണ്ടില്‍ വിറ്റൊഴിക്കുന്നു.ഷിപ്പിംഗ് നിരക്കും ഇന്‍ഷ്വറന്‍സും കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം വാങ്ങാന്‍ ഇന്ത്യ അടക്കമുള്ള വിപണികളിലെ ബയേഴ്സ് തയ്യാറാകുന്നില്ല.

വാങ്ങല്‍ കരാറുകള്‍ പുതുക്കാനും ഉപഭോക്താക്കള്‍ മടിക്കുന്നു. ഒരു ഔണ്‍സിന് 30 ഡോളര്‍ വരെ വിലയിളവാണ് വന്‍കിട സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാര ഹബാണ് ദുബായ്. സ്വര്‍ണം സൂക്ഷിക്കുന്നതിനുള്ള അധിക ചെലവും സുരക്ഷിതത്വവും കണക്കിലെടുക്കുമ്പോള്‍ വിലയിളവ് നല്‍കുന്നതാണ് ലാഭമെന്ന് വ്യാപാരികള്‍ പറയുന്നു.

അതേസമയം നിലവില്‍ ഇന്ത്യയിലെ സ്വര്‍ണ വിപണിയില്‍ സപ്‌ളൈ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പ്രതിസന്ധി അനിശ്ചിതമായി നീണ്ടാല്‍ സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 5,090 ഡോളറലേക്ക് താഴ്ന്നിരുന്നു.