നാടിന്റെ നൊമ്പരമായി ഹരിയുടെ വേർപാട്

Saturday 07 March 2026 12:15 AM IST

കൊല്ലം: സഹോദരിയുടെ വീടി​നടുത്തുള്ള ക്ഷേത്രത്തി​ൽ ഉത്സവം കൂടാൻ പോയ 18കാരന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് കരകയറാനാവാതെ കരയുകയാണ് കുടുംബാംഗങ്ങളും നാടും.

പുത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനത്തിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണന്റെ (18) മരണമാണ് നാടി​ന് ആഘാതമായത്. 'എന്റെ മകൻ തിരിച്ച് വരും, അവൻ എനിക്ക് വേണ്ടി വരും'- എന്ന് അവസാന നിമിഷം വരെയും കണ്ണീരോടെ കാത്തിരുന്ന അമ്മ രജനിയെ ഹരിയുടെ വേർപാട് അറിയിക്കാൻ ബന്ധുക്കൾ പാടുപെട്ടു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുമ്പോഴും നാട് ഒന്നാകെയാണ് അവൻ തിരികെ വരുമെന്ന് പ്രാർത്ഥനയോടെ കാത്തിരുന്നത്.

പത്ത് വർഷത്തിലധികമായി പാർക്കിൻസൺസ് രോഗം ബാധിച്ച് തളർന്ന അച്ഛൻ ജയസേനൻ, കൈയ്ക്ക് സ്വാധീനക്കുറവുള്ള അമ്മ രജനി എന്നിവരുടെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണൻ. അച്ഛന്റെ മരുന്നിനും വീട്ടിലെ നിത്യചെലവുകൾക്കും പണം കണ്ടെത്താൻ പഠനത്തോടൊപ്പം എന്ത് ജോലിക്കും അവൻ തയ്യാറായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നതായിരുന്നു ഹരികൃഷ്ണന്റെ ഏറ്റവും വലിയ ലക്ഷ്യം. അടുത്ത മാസം നടക്കാനിരുന്ന ആർമി റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി പുലർച്ചെയുള്ള ഓട്ടവും കഠിനമായ വ്യായാമങ്ങളും പതിവായിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിച്ച്, ഏറെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു ഹരി. സൈനിക വേഷമണിഞ്ഞ് വീട്ടിലെത്തുമെന്ന് മാതാപിതാക്കൾക്ക് നൽകിയ വാക്ക് ഇനിയൊരു നോവായി അവശേഷിക്കും.