ഐ.ആർ.എസ് പരിശീലനത്തിനിടെ ഐ.എ.എസി​ലേക്ക് ആദി​ത്യ

Saturday 07 March 2026 12:16 AM IST

കൊല്ലം: നാഗ്പൂരിൽ ഐ.ആർ.എസ് പരിശീലനത്തിനിടയിലും ഐ.എ.എസ് എന്ന ലക്ഷ്യം കൈവി​ടാതെ നാലാം ശ്രമത്തിൽ 68-ാം റാങ്ക് സ്വന്തമാക്കി ആശ്രാമം സ്വദേശി എച്ച്. ആദിത്യ നാരായൺ (28).

കോച്ചിംഗില്ലാതെ സ്വപ്രയത്നത്താൽ കഴിഞ്ഞതവണ 357 -ാം റാങ്ക് നേടിയാണ് ആദിത്യനാരായൺ ഇന്ത്യൻ റവന്യൂ സർവീസിന്റെ (ഇൻകം ടാക്സ് ) ഭാഗമാകുന്നത്. സോഷ്യോളജിയായിരുന്നു ഇത്തവണയും ഐച്ഛിക വിഷയം. തിരുവനന്തപുരം സി.ഇ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി​. കോളേജിലെ പഠന സമത്ത് പൂർവവിദ്യാർത്ഥികളായ ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ഇടപെടാൻ ലഭിച്ച അവസരമാണ് സിവിൽ സർവീസ് സ്വപ്നം കാണാൻ ആദിത്യയെ പ്രേരിപ്പിച്ചത്.

തുടർന്ന് 2021 മുതൽ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചു. കോളേജ് പഠനം പൂർത്തിയായപ്പോൾ ക്യാമ്പസ് സെലക്ഷൻ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെന്നൈ ശാഖയിൽ ജോലി ലഭിച്ചു. ജോലിക്കൊപ്പം പരിശീലനം തുടർന്നുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പഠനത്തിലേക്ക് കടന്നു. കൊല്ലം ആശ്രാമം ഗാന്ധി നഗർ 82-ൽ നാരായണീയത്തിൽ ബിസിനസുകാരായ ഹരികൃഷ്ണന്റെയും സജിതയുടെയും മകനാണ്. സഹോദരി: പാർവതി നാരായണൻ.