ഈ ചിപ്‌സിനെന്താ ഇത്ര രുചി? ബോര്‍ഡ് അംഗങ്ങളെ ചിരിപ്പിച്ച് ശ്രീജയുടെ മറുപടി

Saturday 07 March 2026 12:26 AM IST

തിരുവനന്തപുരം: '2026ല്‍ ഐ.എഫ്.എസ് നേടും, വീടിന്റെ പണി പൂര്‍ത്തിയാക്കും, വിവാഹം കഴിക്കണം...'2035ഓടെ പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളായി ശ്രീജ തന്റെ വിഷന്‍ ബോര്‍ഡില്‍ കുറിച്ചിട്ട മൂന്ന് സ്വപ്നങ്ങളാണിത്. ആദ്യത്തെ ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ ആവേശത്തിലാണ് ശ്രീജ.എസ്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടിയതോടെ ശ്രീജയുടെ പഠനമുറിയിലെ 'വിഷന്‍ ബോര്‍ഡ്' ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതലേ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ എത്തണമെന്നായിരുന്നു സ്വപ്നം. ആ ലക്ഷ്യം ഭിത്തിയില്‍ ഒരു സ്റ്റിക്കി നോട്ടില്‍ '2035നു മുമ്പ് നേടേണ്ട മൂന്ന് ജീവിത ലക്ഷ്യങ്ങള്‍' എന്ന് എഴുതി വച്ചിരുന്നു. ആത്മവിശ്വാസത്തോടെയുള്ള ആ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായി. ഇനി വീടുപണി, ഉടന്‍ പൂര്‍ത്തിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീജ.

ചിപ്‌സിന്റെ സ്വാദും ഇന്റര്‍വ്യൂവും

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ എന്നാല്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്തുന്നതായിരുന്നു ശ്രീജയുടെ അനുഭവം. ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരു അംഗം മുന്നിലിരുന്ന ചിപ്‌സ് ചൂണ്ടിക്കാട്ടി, 'ഇതെന്താ ഇതിന് ഇത്ര സ്വാദ്' എന്ന് ചോദിച്ചു. 'കേരളത്തിലെ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും രുചിയാകാം കാരണം' എന്ന ശ്രീജയുടെ മറുപടി ബോര്‍ഡ് അംഗങ്ങളെ ചിരിപ്പിച്ചു.

ജിയോപൊളിറ്റിക്കല്‍ വെല്ലുവിളികള്‍, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, അമേരിക്കന്‍ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോയ ഇന്റര്‍വ്യൂ തികച്ചും സൗഹൃദപരമായിരുന്നു. ഇന്റര്‍വ്യൂ അവസാനിച്ചപ്പോള്‍ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സിലെ ഒരു ഡോക്യുമെന്ററി കാണാനുള്ള നിര്‍ദ്ദേശവുമായാണ് ബോര്‍ഡ് അംഗങ്ങള്‍ ശ്രീജയെ മടക്കിയത്.