 സംശയമുനയിൽ നവീകരണം കലൂർ സ്റ്റേഡിയത്തിലെ ഗേറ്റും തകർന്നുവീണു

Saturday 07 March 2026 1:03 AM IST

കൊച്ചി:കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച പ്രധാന കവാടത്തിന്റെ പടുകൂറ്റൻ ഗേറ്റ് തകർന്നുവീണു.യാത്രക്കാരുമായി കടന്നുപോയ ഓട്ടോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം കണക്കിലെടുത്ത് മുഖ്യസ്‌പോൺസറായ ചാനലുടമ മുൻകൈയെടുത്ത് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ വീണ്ടും സംശയമുനയിലായി.ഗേറ്റ് തകർന്നതിൽ ജി.സി.ഡി.എയും സ്‌പോൺസറും പ്രതികരിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജി.സി.ഡി.എ സുരക്ഷാ ജീവനക്കാർ ഗേറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ തകർന്നുവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്‌റ്റേഡിയത്തിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോയുടെ തൊട്ടരികിലാണ് ഗേറ്റ് നിലംപൊത്തിയതെന്നും ഭയന്നുപോയെന്നും ഡ്രൈവർ ചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രധാന കവാടത്തിന് നാല് ഗേറ്റുകളാണുള്ളത്. ഇതിൽ വാഹനങ്ങൾ പുറത്തേയ്ക്ക് കടക്കാനുള്ള ഭാഗത്തെ പാളികളിലൊന്നാണ് തകർന്നത്. 70 കോടി നവീകരണത്തിന്റെ ഭാഗമായാണ് പ്രധാന കവാടവും മറ്റും നിർമ്മിച്ചത്. ഗേറ്റ് എടുത്തുമാറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി. ഗേറ്റ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വീണ്ടും ഘടിപ്പിക്കാനാണ് നീക്കം. ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരമുള്ളതിനാൽ പിന്നീടായിരിക്കും അറ്റകുറ്റപ്പണി.രണ്ടാഴ്ച മുമ്പ് സ്റ്റേഡിയത്തിന്റെ മേൽക്കുരയിൽ വൻ ചോർച്ചയുണ്ടായിരുന്നു.