വിദ്യാർത്ഥിനിക്കൊപ്പം കളരി ചുവടു വച്ച് രാഹുൽഗാന്ധി

Saturday 07 March 2026 1:07 AM IST

കുട്ടിക്കാനം (ഇടുക്കി): വിദ്യാർത്ഥിനിക്കൊപ്പം കളരി ചുവടുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എം.പിമാരായ കെ.സി. വേണുഗോപാലും ഡീൻ കുര്യാക്കോസും. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി നടന്ന സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ കളരി അഭ്യാസം.

കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥിയും കളരിപ്പയറ്റ് അഭ്യാസിയുമായ എം. ദിനശ്രീയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുൽ ചുവടുവച്ചത്. ദിനശ്രീ തെക്കൻ, വടക്കൻ കളരി ശൈലിയെക്കുറിച്ച് വിശദീകരിച്ചശേഷം രാഹുലിനോട് വടക്കൻ ശൈലിയിൽ കുറച്ചു ചുവടുകൾ താൻ കാണിക്കട്ടെയെന്നും ഒപ്പം കൂടാമോയെന്നും ചോദിച്ചു. ആദ്യം ചെയ്യുന്നതൊന്ന് കാണട്ടെ എന്നായി രാഹുൽ.

തുടർന്ന് ഗുരുവന്ദനം ചെയ്തശേഷം ദിനശ്രീ വീണ്ടും രാഹുലിനെ ക്ഷണിച്ചു. സ്റ്റേജിൽ നിന്നിറങ്ങിയ രാഹുൽ കെ.സി.വേണുഗോപാലിനോടും ഡീൻ കുര്യാക്കോസിനോടും ഒപ്പംകൂടാൻ ആവശ്യപ്പെട്ടു. ദിനശ്രീ ചെയ്തത് മൂവരും അനുകരിച്ചു. രാഹുൽ നിഷ്പ്രയാസം ചുവടുവച്ചെങ്കിലും വേണുഗോപാലും ഡീനും അല്പം വിഷമിച്ചു. തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച കൈയിൽ കാൽ മുട്ടിക്കുന്ന അടവ് ദിനശ്രീ ചെയ്യുന്നത് കണ്ടപ്പോൾ വേണുഗോപാലും ഡീനും പിൻവാങ്ങി. രാഹുൽ ആ ചുവടും മനോഹരമായി ചെയ്തതോടെ നിറഞ്ഞ കൈയടി അകമ്പടിയായെത്തി.

'കളരി ആയോധന

കലയുടെ അമ്മ'

കളരി ആയോധനകലകളുടെ അമ്മയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. താൻ ജാപ്പനീസ് ആയോധനകല പഠിച്ചിട്ടുണ്ട്. അതിലെ പല ചുവടുകളും കളരിയിൽ നിന്ന് കടമെടുത്തവയാണ്. സ്വയം പ്രതിരോധത്തിന് മാത്രമല്ല സ്വയം തിരിച്ചറിയാനാണ് ആയോധനകല പഠിക്കേണ്ടതെന്നും പറഞ്ഞു.