യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വച്ച് തുന്നിക്കെട്ടിയതായി പരാതി
കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം മറന്നു വച്ച് തുന്നിക്കെട്ടി. സംഭവത്തിൽ മേനംകുളം സ്വദേശിനി ഷീബ പ്രമോദ് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.
കഴിഞ്ഞ ഡിസംബറിലാണ് വയറു വേദനയെത്തുടർന്ന് ഷീബ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പത്തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ മുറിവ് ഉണങ്ങാത്തതും അസഹനീയമായ വേദനയും ഷീബയെ അലട്ടിയിരുന്നു.
തുടർച്ചയായ വേദനയെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിവരം അറിഞ്ഞത്. മുറിവിനുള്ളിൽ നിന്ന് ഒരു നൂൽ പുറത്തേക്ക് നിൽക്കുന്നത് കണ്ട് നടത്തിയ വിശദമായ പരിശോധനയിൽ വയറിനുള്ളിൽ തുണിക്കഷ്ണമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് തുണിക്കഷ്ണം പുറത്തെടുത്തത്.
മൂന്ന് മാസത്തോളം കടുത്ത ശാരീരിക വേദനയും മാനസികവിഷമവും അനുഭവിച്ചതായും കുറ്റക്കാരായ ഡോക്ടർമാർക്കും ആശുപത്രിക്കുമെതിരെ കർശന നടപടി വേണമെന്നും ഷീബ ആവശ്യപ്പെട്ടു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.