ഡി.പി.ആർ പുതുക്കാൻ നിർദ്ദേശം: സിൽവർ ലൈൻ ബ്രോഡ്ഗേജിൽ തന്നെ വേണമെന്ന് റെയിൽവേ
തിരുവനന്തപുരം: സിൽവർലൈൻ കേന്ദ്രം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നതിന്റെ സൂചനയായി ഡി.പി.ആർ പുതുക്കാൻ റെയിൽവേയുടെ നിർദേശം. തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി ബ്രോഡ്ഗേജിൽ വേണമെന്ന നിലപാട് ആവർത്തിച്ചാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. അഹമ്മദാബാദിലെ സർക്കേജ് - ധൊലേറ സെമി-ഹൈസ്പീഡ് ബ്രോഡ് ഗേജിലാണെന്നും പശ്ചിമ റെയിൽവെയുമായി ചർച്ച നടത്തി സമാനമായ രീതിയിൽ ഡി.പി.ആർ പുതുക്കാനും റെയിൽവേ ബോർഡ് ഡയറക്ടർ എഫ്.എ അഹമ്മദ് കെ-റെയിൽ എം.ഡിക്ക് കത്ത് നൽകി. അഹമ്മദാബാദിലെ പാതയിലൂടെ പാസഞ്ചർ, കാർഗോ ട്രെയിനുകളോടിക്കാനാവും. ലോകത്തെ ആദ്യ സെമി-ഹൈസ്പീഡ് ബ്രോഡ്ഗേജ് പാതയായിരിക്കും ഇത്.
സ്റ്റാൻഡേർഡ് ഗേജിലാണ് കെ-റെയിൽ സിൽവർലൈനിനുള്ള പദ്ധതിരേഖ തയ്യാറാക്കി കേന്ദ്രത്തിനയച്ചിരുന്നത്. ഇത് മാറ്റി ബ്രോഡ്ഗേജിലാക്കണമെന്ന റെയിൽവേയുടെ നിർദ്ദേശം നേരത്തേ സംസ്ഥാന സർക്കാരും കെ-റെയിലും തള്ളിയതാണ്. വന്ദേഭാരതടക്കം മറ്റ് ട്രെയിനുകൾക്കും ഗുഡ്സ് ട്രെയിനുകൾക്കും സഞ്ചരിക്കാനാവുന്ന തരത്തിൽ ബ്രോഡ്ഗേജ് പാത വേണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. ഓരോ 50കിലോമീറ്ററിലും നിലവിലെ പാതയുമായി സിൽവർലൈനിന് കണക്ഷൻ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്രോഡ്ഗേജാക്കിയാൽ വേഗത കുറയുമെന്നും സ്റ്റാൻഡ് എലോൺ പാതയാണ് ആവശ്യമെന്നുമാണ് കെ-റെയിലിന്റെ നിലപാട്. ഗുജറാത്ത് മോഡലിൽ ഡി.പി.ആർ തയ്യാറാക്കിയാൽ സിൽവർലൈനിന് കേന്ദ്രം അനുമതി നൽകിയേക്കുമെന്നും വിലയിരുത്തലുണ്ട്.
ബ്രോഡ്ഗേജിൽ പരമാവധി വേഗത 160കിലോമീറ്ററാണ്. സിൽവർലൈനിന്റെ പരമാവധി വേഗം 200കിലോമീറ്ററാണ്. തിരുവനന്തപുരം-കാസർകോട് 530കി.മി ദൂരം നാല് മണിക്കൂറിനകം എത്താനാവും. സ്റ്റാൻഡേർഡ് ഗേജിൽ 350കിലോമീറ്ററിലേറെ വേഗതയിൽ ട്രെയിനോടിക്കാം. സ്റ്റാൻഡേർഡ് ഗേജിന്റെ വീതി 1435 മില്ലീമീറ്ററും ബ്രോഡ്ഗേജിന്റേത് 1676മില്ലീമീറ്ററുമാണ്. ബ്രോഡ്ഗേജിനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടി വരും. കണ്ടെയ്നറുകളിൽ ചരക്കുനീക്കത്തിനുള്ള റോ-റോ സംവിധാനം സിൽവർലൈനിലുണ്ട്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർകോട് സ്റ്റേഷനുകളിൽ സിൽവർലൈനിന് റെയിൽവേയുമായി കണക്ഷനുണ്ടെന്നും കെ-റെയിൽ ചൂണ്ടിക്കാട്ടുന്നു.