ഇനി സ്വർണം വാങ്ങാൻ പാടുപെടും; യുദ്ധം എല്ലാം മാറ്റിമറിച്ചു, ഒറ്റദിവസംകൊണ്ട് വിലയിൽ വൻ കുതിപ്പ്

Saturday 07 March 2026 11:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വർദ്ധിച്ചു. ഇതോടെ വിപണിയിൽ സ്വർണം ഗ്രാമിന് 15,000 രൂപയും പവന് 1,20,000 രൂപയുമായി.

ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 12,325 രൂപയും പവന് 98,600 രൂപയുമാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,595 രൂപയും പവന് 76,760 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് 6,185 രൂപയും പവന് 49,480 രൂപയുമാണ് വില. എന്നാൽ, വെള്ളി വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും പത്ത് ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പതിവിലും വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ഡോളർ ശക്തിയാർജിച്ച് നിന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ, ആഗോള തലത്തിൽ യുദ്ധം മൂലം പ്രതിസന്ധി ഉയരുന്നത് സ്വർണവില കൂടാൻ കാരണമാകുമെന്നാണ് കരുതുന്നത്.

2026 ജനുവരി 29നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ആഗോളവിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലെ വിലയെ സ്വാധീനിക്കുന്നത്.