മഹാസമാധി സന്ദർശിച്ച് രാഹുൽ ഗാന്ധി, നിലപാടുകൾ അറിയിച്ച് ധർമ്മസംഘം
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവഗിരി മഹാസമാധി സന്ദർശിച്ചു. മഹാ സമാധിയിൽ ദർശനം നടത്തിയ അദ്ദേഹം ശാരദാ മഠത്തിലും ഗാന്ധിജി-ഗുരുദേവ കൂടിക്കാഴ്ച നടന്ന വൈദിക മഠത്തിലും എത്തി. മുക്കാൽ മണിക്കൂറോളം ശിവഗിരിയിൽ ചെലവഴിച്ച രാഹുൽ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാന തീർത്ഥ,സ്വാമി അസംഗാനന്ദ ഗിരി എന്നിവർ ചേർന്നാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. എംപിമാരായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എം എൽ എമാരായ പി സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലുമുള്ള ശിവഗിരിയുടെ നിലപാട് രാഹുലിനെ അറിയിച്ചതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെട്ടുപോകുന്നുവെന്നും അവരെക്കൂടി പരിഗണിക്കണമെന്നും രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു. ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം രേഖാമൂലം രാഹുലിനു നൽകുകയും ചെയ്തു. പേരുകളോ മണ്ഡലങ്ങളോ മഠം നിർദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. തങ്ങളുടെ നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി അംഗീകരിച്ചതായും സ്വാമി സച്ചിദാനന്ദ അറിയിച്ചു.