'കഥാപ്രസംഗ കലയെ സഹോദരൻ അയ്യപ്പൻ ജനകീയമാക്കി"
Sunday 08 March 2026 12:19 AM IST
വൈപ്പിൻ: കഥാപ്രസംഗം ജനകീയമാക്കിയതിൽ സഹോദരൻ അയ്യപ്പന് മുഖ്യപങ്ക് ഉണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മഹാകവി കുമാരനാശാന്റെയും മറ്റും കൃതികൾ കഥാപ്രസംഗം ആക്കുന്നതിന് അന്നത്തെ കാഥികരെ സഹോദരൻ പ്രചോദിപ്പിച്ചിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രവർത്തിപഥത്തിൽ എത്തിക്കുന്നതിനും സഹോദരൻ മുഖ്യ പങ്കു വഹിച്ചു. സഹോദരന്റെ 58-ാം ചരമവാർഷിക ദിനാചരണം ചെറായി സഹോദര ഭവനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാരകം ചെയർമാൻ എസ്. ശർമ അദ്ധ്യക്ഷനായി. പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, രവിത ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. നിബിൻ, ഡോ. കെ.കെ. ജോഷി, ജിഷ സജു എന്നിവർ പ്രസംഗിച്ചു.