രുചിക്കൂട്ടിൽ ദീപമായി മൂന്ന് വനിതകൾ

Sunday 08 March 2026 12:21 AM IST

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധികൾക്കിടെയുള്ള സൗഹൃദ സംഭാഷണത്തിൽ വന്നുപ്പെട്ട ആശയം ഇന്ന് മൂന്ന് വനിതകൾക്ക് ജീവിതമാർഗമാകുകയാണ്.

മായമില്ലാത്ത കറിക്കൂട്ടുകളൊരുക്കി വിൽപന നടത്തിയാണ് ഈ വീട്ടമ്മമാരുടെ മുന്നേറ്റം. മേക്കോഴൂർ സ്വദേശികളായ ഗീതാകുമാരി, രജനി ജയകുമാർ, രാജി വിൽസൺ എന്നിവർ ചേർന്ന് ദീപം എന്ന പേരിൽ തുടങ്ങിയ സംരംഭം ഇന്ന് 18 പൊടി ഇനങ്ങളുമായി വിപണിയിൽ നിറഞ്ഞിരിക്കുന്നു.

മേക്കോഴൂരിൽ കടമുറി വാടകയ്ക്കെടുത്തായിരുന്നു തുടക്കം.

മുളകും മഞ്ഞളുമെല്ലാം കഴുകി ഉണക്കിപ്പൊടിച്ചാണ് വിൽപ്പന നടത്തുന്നത്. ഇതിനാവശ്യമായ ഡ്രൈയറും മിക്സർ മെഷീനും കൂളിംഗ് മെഷിനുമെല്ലാം ഇവിടെയുണ്ട്. കുടുംബശ്രീയിൽ നിന്ന് നാല് ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ സംരംഭം ഓൺലൈനാക്കി കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.

18 പൊടികൾ

ഗരംമസാല, ചിക്കൻ മസാല, സാമ്പാർ പൊടി, മുളക് പൊടി (കാശ്മീരി, പിരിയൻ, പാണ്ടി) , മഞ്ഞൾപ്പൊടി, മല്ലി, കാപ്പിപ്പൊടി, ഗോതമ്പ് പൊടി, ഗോതമ്പ് സ്റ്റീം പുട്ടുപൊടി, അരിപ്പൊടി, അരിപ്പൊടി സ്റ്റീം പുട്ടുപൊടി, റാഗി, റാഗി മുളപ്പിച്ച് പൊടി, ചോളം, ചമ്മന്തിപ്പൊടി എന്നിങ്ങനെ നീളുന്നു ദീപത്തിലെ രുചി വൈവിദ്ധ്യം.