ജനക്ഷേമ പദ്ധതികൾക്ക് ലോട്ടറി വരുമാനവും തുണയായി:ധന മന്ത്രി
തിരുവനന്തപുരം: ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംസ്ഥാനത്ത് ജനകീയ ക്ഷേമപദ്ധതികൾ നടപ്പാക്കിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കായി സൗജന്യ ഭവന പദ്ധതിയിലൂടെ നിർമിച്ച വീടുകളുടെ താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി മേഖലയെ ആശ്രയിച്ച് ഒരു ലക്ഷം പേർ ജീവിക്കുന്നു. വില്പനയ്ക്ക് ഈടാക്കുന്ന അധിക നികുതിയുടെ ഭാരം കുറയ്ക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. ഓൺലൈൻ ചൂതാട്ടത്തിന്റെ സ്വാധീനം കുറയ്ക്കാൻ വ്യവസ്ഥാപിത സംവിധാനമായ ലോട്ടറി മേഖലയ്ക്ക് കഴിയണം.160 വീടുകളാണ് പദ്ധതിയിലൂടെ നിർമിക്കുന്നത്. 2021ൽ ലൈഫ് വിഷു ബമ്പർ ലോട്ടറി വില്പനയിലൂടെ സമാഹരിച്ച 9.47 കോടി രൂപ ചെലവഴിച്ചാണ് വീടുകൾ ഒരുക്കുന്നത്. ഭവന പദ്ധതികൾ കൂടാതെ ചികിത്സസഹായമായി 5,000 രൂപ, ഗുരുതരമായ രോഗങ്ങൾക്ക് 50,000 രൂപ, ക്ഷേമനിധി അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 25,000,രൂപ, മരണപ്പെടുന്ന ക്ഷേമനിധി അംഗങ്ങൾക്ക് ഉടൻ മരണാന്തര ധനസഹായം, അംഗങ്ങളുടെ കുട്ടികൾക്കുള്ള ധന സഹായവും സ്വന്തമായി കടയോ സ്ഥാപനമോ ഇല്ലാത്തവർക്ക് വഴിയോരങ്ങളിൽ തൊഴിലിടമായി ഉപയോഗിക്കാൻ കഴിയുന്ന ബീച്ച് അംബ്രല്ല എന്നിവയും നൽകുന്നു.