 ഹൈക്കോടതി നിർദ്ദേശം --- ദിവസം ഒന്നിലധികം പടിപൂജ പരിഗണിക്കൂ

Sunday 08 March 2026 12:00 AM IST

കൊച്ചി: ആചാരപരമായ തടസമില്ലെങ്കിൽ ശബരിമലയിൽ ഒരു ദിവസം ഒന്നിലധികം പടിപൂജ നടത്താമല്ലോ. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. പടിപൂജയുടെ പേരിൽ ക്രമക്കേടുകൾ നടന്നതിന് നിലവിൽ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.

2040 സെപ്തംബർ വരെ പടിപൂജ ബുക്കിംഗ് പൂർത്തിയായെന്ന് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ വി. രാജ വിജരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചുനൽകുന്നതായി സംശയിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ടിന്മേൽ സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ഈ വർഷം മാർച്ച് 26 മുതൽ 2040 സെപ്തംബർ വരെ 207 ദിവസം പടിപൂജ ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക് നിലവിൽ ബുക്ക് ചെയ്തവരെ മുൻഗണനയിൽ ക്രമീകരിക്കാനാകുമോ എന്നും പരിശോധിക്കണം. 2040 വരെ 705 പേരാണ് പടിപൂജ ബുക്ക് ചെയ്തിരിക്കുന്നത്.

1,37,900 രൂപയാണ് പടിപൂജയുടെ നിരക്ക്. ബുക്കിംഗുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശപ്രകാരം വിജിലൻസ് പിടിച്ചെടുത്ത് ഹാജരാക്കിയിരുന്നു.

പൂജ കൈമാറ്റമില്ലെന്ന്

വിജിലൻസ് ഉറപ്പാക്കണം

  • പടിപൂജ ബുക്ക് ചെയ്ത ശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിജിലൻസ് പരിശോധന പതിവാക്കണം
  • പടിപൂജ ഒഴിവുള്ള ദിവസങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ബുക്ക് ചെയ്യുന്നവരുടെ വിശദമായ വിവരം രേഖപ്പെടുത്തണം. നോമിനിയെയും നിർദ്ദേശിക്കണം
  • ബിൽ അടയ്ക്കാതെ ബുക്കിംഗ് ഉറപ്പിക്കരുത്. തുക അടയ്‌ക്കാതെ ഇപ്പോൾ നടത്തിയിരിക്കുന്ന ബുക്കിംഗ് നിശ്ചിത ദിവസത്തിനകം ബിൽ അടച്ചില്ലെങ്കിൽ റദ്ദാക്കണം
  • ഒഴിവുള്ള ഉദയാസ്തമയപൂജ, ഉത്സവ ബലി, കളഭാഭിഷേകം, സഹസ്രകലശം എന്നിവയുടെ വിവരവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം
  • നിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് രണ്ട് മാസത്തിനകം സ്‌പെഷ്യൽ കമ്മിഷണർ വഴി കോടതിക്ക് നൽകണം