തൃശൂരിൽ പി.ബാലചന്ദ്രൻ മാറും: കെ.രാജനും മുകുന്ദനും തുടരാനിട

Saturday 07 March 2026 11:18 PM IST

□കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും മാറ്റം

തൃശൂർ: തൃശൂർ നിയോജക മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച് പി.ബാലചന്ദ്രൻ എം.എൽ.എ. ഒരു ടേം മാത്രമേ എം.എൽ.എയായുള്ളൂവെങ്കിലും പുതുമുഖങ്ങൾക്കായി മാറിക്കൊടുക്കുന്നുവെന്നാണ് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിൽ അറിയിച്ചത്. ഇതോടെ തൃശൂർ മണ്ഡലത്തിൽ സി.പി.ഐക്ക് പുതുമുഖ സ്ഥാനാർത്ഥിയെത്തിയേക്കും. സംസ്ഥാന കൗൺസിൽ അംഗം കൂടിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ പേരാണ് മുഖ്യമായും തൃശൂരിൽ ഉയരുന്നത്.

രണ്ട് ടേം പൂർത്തിയാക്കിയ വി.ആർ.സുനിൽ കുമാറും, ഇ.ടി.ടൈസണും ഇനി മത്സരിച്ചേക്കില്ല. കിസാൻ സഭ നേതാവ് വസന്തകുമാർ, ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ എന്നിവരുടെ പേരുകളാണ് കൊടുങ്ങല്ലൂരിൽ നിന്ന് ഉയർന്നത്. മുൻ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജിനാണ് കയ്പമംഗലത്ത് സാദ്ധ്യത. ഒല്ലൂരിൽ മന്ത്രി കെ.രാജൻ ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കിയെന്ന മട്ടിലാണ് ജില്ലാ എക്‌സിക്യൂട്ടിവിൽ പലരും പറഞ്ഞത്.. ടേം വ്യവസ്ഥ പൂർത്തിയാക്കിയ കെ.രാജനെ വീണ്ടും ഒല്ലൂരിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് ജില്ലാ എക്‌സിക്യൂട്ടീവിൽ ഉയർന്ന അഭിപ്രായം. കെ.രാജൻ വീണ്ടും സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യതയെങ്കിലും എ.ഐ.വൈ.എഫ് നേതാവ് പ്രസാദ് പാറേരിയുടെ പേരും ഇവിടെ ഉയരുന്നുണ്ട്. സി.സി.മുകുന്ദനെ നാട്ടികയിൽ നിന്നും മത്സരിപ്പിക്കരുതെന്ന് ചേർപ്പ് ഏരിയയിലെ പാർട്ടി നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടെന്നും കേൾക്കുന്നു. പകരം എട്ടോളം പേരുകളാണ് ഉയർന്നത്. എന്നാൽ ഒരു ടേം മാത്രം എം.എൽ.എയായി പ്രവർത്തിച്ച മുകുന്ദനെ മാറ്റുന്നത് വിവാദമാകാനിടയുണ്ടെന്നും വിലയിരുത്തുന്നു. മുകുന്ദനെ വീണ്ടും നാട്ടികയിൽ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് വിവരം. ജില്ലാ എക്‌സിക്യൂട്ടിവിൽ നിന്നും നീക്കിയ മുകുന്ദൻ ഇന്നലെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.