പാടങ്ങൾ പൊന്നണിഞ്ഞു; അപ്പർകുട്ടനാട്ടിൽ കൊയ്ത്തുത്സവം

Sunday 08 March 2026 2:18 AM IST

തിരുവല്ല : നോക്കെത്താദൂരത്ത് സ്വർണനിറത്തിൽ കർഷകരുടെ സ്വപ്നം വിളഞ്ഞതോ‌ടെ അപ്പർകുട്ടനാട്ടിൽ നാളെ നെല്ലിന്റെ വിളവെടുപ്പ് തുടങ്ങും. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂർ, കവിയൂർ പഞ്ചായത്തുകളിൽ 3,000 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങളിലെ കൊയ്ത്തുത്സവം രാവിലെ 9ന് പെരിങ്ങര പഞ്ചായത്തിലെ പാണാകരി പാടത്ത് നടക്കും. 86 കർഷകർ ചേർന്ന് 200 ഏക്കറിലായാണ് ഇവിടെ കൃഷി ചെയ്തത്. ജ്യോതി വിത്താണ് ഇവിടെ കൃഷിചെയ്തത്. ഇതോടൊപ്പം പടവിനകം ബി പാടശേഖരത്തിലും കൊയ്ത്ത് നടക്കും. 52 കർഷകർ ചേർന്ന് 113 ഏക്കറിലാണ് ഇവിടെ കൃഷിയിറക്കിയത്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പാടത്ത് ഡി1 (ഉമ) നെൽ വിത്താണ് വിതച്ചത്. നെല്ല് സംഭരിക്കാൻ കാവേരി മോഡേൺറൈസ് മില്ലിനെയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പടിവനകം എ, കൂരച്ചാൽ, മാണിക്കത്തടി, വേങ്ങൽ പാടശേഖരങ്ങളിലും അടുത്ത ദിവസങ്ങളിൽ കൊയ്ത്ത് തുടങ്ങും. ചാത്തങ്കരി, കോടങ്കരി, വളവനാരി തുടങ്ങിയ പാടങ്ങളും വിളവെടുപ്പിന് ഒരുങ്ങുകയാണ്.

കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് പതിവുപോലെ തമിഴ്നാട്ടിൽ നിന്നാണ് കർഷകർ കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നത്. കൃഷിവകുപ്പിന്റെ കീഴിൽ കാവുംഭാഗത്ത് പ്രവർത്തിക്കുന്ന അഗ്രോ സെന്ററിൽ കൊയ്ത്ത് യന്ത്രങ്ങളില്ല. അതിനാൽ ഇടനിലക്കാർ മുഖേന തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആറ് കൊയ്ത്തു യന്ത്രങ്ങളാണ് ആദ്യദിവസങ്ങളിൽ എത്തിക്കുക. മണിക്കൂറിന് 2100 രൂപ പ്രകാരം യന്ത്രങ്ങൾക്ക് നൽകണം. തിങ്കളാഴ്ച തുടങ്ങുന്ന കൊയ്ത്ത് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നു.

സബ്‌സിഡി കിട്ടിയില്ല മുളയ്ക്കാത്ത വിത്ത് കിട്ടിയതിനെ തുടർന്ന് കഴിഞ്ഞവർഷം കർഷകർ പുറത്ത് നിന്ന് നേരിട്ട് വിത്ത് വാങ്ങിയാണ് വിതച്ചത്. എന്നാൽ വിത്തിന് നൽകിയിരുന്ന സബ്‌സിഡി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളാണ് വിത്ത്, വളം എന്നിവയ്ക്ക് സബ്‌സിഡി നൽകുന്നത്.

വിളവെടുപ്പ് നടക്കുന്നത് : 3,000 ഹെക്ടറിൽ