തലശ്ശേരിയിൽ ഒൻപതാംക്ളാസിലെ പരീക്ഷക്ക് നൽകിയത് എട്ടാംക്ളാസിലെ ചോദ്യപേപ്പർ

Sunday 08 March 2026 1:21 AM IST

തലശ്ശേരി: തലശ്ശേരി നോർത്ത് ബി.ആർ.സിക്ക് കീഴിലെ ചില സ്‌കൂളുകളിൽ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ.ഇന്നലെ നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷാ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.

പരീക്ഷ തുടങ്ങവെ കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അദ്ധ്യാപകർ ഉടൻ തന്നെ ബി.ആർ.സിയുമായി ബന്ധപ്പെട്ടു. പിന്നീട് കണ്ണൂരിൽ നിന്നും ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്‌കൂളുകളിലും ആരംഭിച്ചത്.ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അദ്ധ്യാപകർ പ്രതികരിച്ചത്.

നേരത്തെ ഇത്തരം പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബി.ആർ.സികളിൽ ചോദ്യപേപ്പറുകൾ അധികമായി കരുതലുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ച വിവാദമുണ്ടായതോടെ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള അതേ മാനദണ്ഡങ്ങളാണ് എട്ട്, ഒൻപത് പരീക്ഷകൾക്കുമുള്ളത്.ചോദ്യപേപ്പർ കെട്ടിൽ ക്രമനമ്പർ അടിച്ചപ്പോഴുണ്ടായ പിഴവാണ് ചോദ്യപേപ്പർ മാറിയപ്പോയതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.