കേരള മീഡിയ അക്കാഡമി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനിയറിംഗ്, ആർ.ജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവ കോഴ്സിന്റെ ഭാഗമാണ്. മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളിലാണ് ക്ലാസ്. രണ്ടര മാസമാണ് കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 4 വരെയാണ് ക്ലാസ്. യോഗ്യത : പ്ലസ്ടു. പ്രായപരിധിയില്ല .ഫീസ് 25000 രൂപ. മാർച്ച് 20വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി സെന്റർ : 7356751960, തിരുവനന്തപുരം സെന്റർ : 9744844522.
ഐ.ടി.ഐ പ്രൈവറ്റ് ട്രെയിനി അഡ്മിഷൻ: അപേക്ഷകൾ 10 വരെ
തിരുവനന്തപുരം: 2026-ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് ഐ.ടി.ഐകളിലെ 2025 സെഷൻ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://det.kerala.gov.in-ൽ ലഭ്യമാണ്. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 10-ന് വൈകിട്ട് 4 ന് മുമ്പായി മുഖ്യകാര്യാലയത്തിൽ നേരിട്ടോ സ്പീഡ് പോസ്റ്റ് മുഖേനയോ എത്തിക്കണമെന്ന് ഗവ. ഐ.ടി.ഐ ചാക്ക പ്രിൻസിപ്പൽ അറിയിച്ചു.
സ്കോളർഷിപ്പ്:നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതി
തിരുവനന്തപുരം: ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം പുതിയ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കും. നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഉന്നതതല സെക്രട്ടറിമാരുടെ സമിതിയെ ചുമതലപ്പെടുത്തി വനിതാ ശിശുവികസന വകുപ്പ് ഉത്തരവിറക്കി.വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം. മാതാപിതാക്കൾ മരിച്ചുപോയതോ നഷ്ടപ്പെട്ടതോ ആയ കുട്ടികൾ, പിതാവ് മരിച്ച സ്കൂൾ വിദ്യാർത്ഥിനികൾ എന്നിവരെ പരിഗണിച്ചുകൊണ്ടുള്ള പൊതുവായ സ്കോളർഷിപ്പ് സ്കീം തയ്യാറാക്കാനാണ് സർക്കാർ നിർദ്ദേശം.ധനകാര്യ , പൊതുവിദ്യാഭ്യാസ, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക.