സ്കൂളിൽ ബെഞ്ചും ഡെസ്കും ഔട്ട്; പ്രീപ്രൈമറിയിൽ ബാഗ് വേണ്ട, എസ്.സി.ഇ.ആർ.ടി നിർദേശം സർക്കാർ പരിഗണനയിൽ

Sunday 08 March 2026 12:00 AM IST

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ഡെസ്ക്-ബെഞ്ച് സംവിധാനത്തിന് പകരം മോഡുലാർ ഫർണിച്ചറുകൾ സജ്ജമാക്കാനും നിർദേശിക്കുന്ന അന്തിമ കരട് രേഖ സർക്കാർ പരിഗണനയിൽ. കഴിഞ്ഞയാഴ്ചയാണ് എസ്.സി.ഇ.ആർ.ടി ഇതു സമർപ്പിച്ചത്. അടുത്ത അദ്ധ്യയന വർഷത്തോടെ നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

കുട്ടികൾക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്താനും മുഖാമുഖം ആശയവിനിമയം നടത്താനും കഴിയുന്ന തരത്തിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഭാരം കുറഞ്ഞതും ആവശ്യാനുസരണം മാറ്റിയിടാൻ കഴിയുന്നതുമായ മേശകളും കസേരകളും ഉപയോഗിക്കുന്നതിലൂടെ ക്ലാസ് മുറികൾ കൂടുതൽ ചലനാത്മകമാകും.

പ്രീ-പ്രൈമറിയിൽ ബാഗ് പൂർണമായും ഒഴിവാക്കും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനും ഭാരത്തിനും അനുസരിച്ച് ബാഗിന്റെ ഭാരം കൃത്യമായി നിജപ്പെടുത്തി. ഐ.എസ്.ഐ മുദ്ര പതിച്ച ഭാരം കുറഞ്ഞ ബാഗുകൾ മാത്രമേ പാടുള്ളൂ. പുതിയ പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അദ്ധ്യാപകർക്കും സ്കൂൾ അധികൃതർക്കും പ്രത്യേക പരിശീലനം നൽകും.

 ശരീരഭാരത്തിന്റെ

10% ബാഗ് ഭാരം

കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാഗിന് ഭാരം ഉണ്ടാകാൻ പാടില്ലെന്നതാണ് പ്രധാന നിർദ്ദേശം.

നട്ടെല്ലിനും പേശികൾക്കും അമിതഭാരം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനാണിത്.

 പുസ്തക സ്റ്റോറേജ് റാക്കുകൾ

എല്ലാ ദിവസവും എല്ലാ പുസ്തകവും വീട്ടിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാൻ സ്കൂളുകളിൽ സ്റ്റോറേജ് റാക്കുകളോ ലോക്കറുകളോ സജ്ജമാക്കും. ടൈം ടേബിൾ പുനഃക്രമീകരിച്ച് ഒരു ദിവസം കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാനും നിർദ്ദേശമുണ്ട്. ശുദ്ധജലം സ്കൂളുകളിൽ തന്നെ ലഭ്യമാക്കുന്നതോടെ വലിയ വാട്ടർ ബോട്ടിലുകളുടെ ഭാരവും ഒഴിവാക്കാം.

``പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും അഭിപ്രായ സ്വരൂപീകരണം നടത്തിയശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ``

-ഡോ. ജയപ്രകാശ് ആർ.കെ.

ഡയറക്ടർ

എസ്.സി.ഇ.ആർ.ടി. കേരള