ചേച്ചിയെ പരിചരിക്കാൻ നഴ്സായി, ആതിരയുടെ നേട്ടം അനഘയുടെയും
സിവിൽ സർവീസിൽ 483-ാം റാങ്ക്
കോഴിക്കോട്: വീൽചെയറിലിരുന്നുള്ള ആതിര സുഗതന്റെ സിവിൽ സർവീസ് വിജയത്തിനുപിന്നിൽ അനുജത്തി അനഘയുടെ വറ്റാത്ത സ്നേഹമുണ്ട്. അപകടത്തിൽ അരയ്ക്കുതാഴെ തളർന്നുപോയ ചേച്ചിയുടെ ജീവിതത്തിൽ അവൾ താങ്ങും തണലുമായി. 483-ാം റാങ്ക് നേടിയുള്ള ആതിരയുടെ ഈ വിജയം അനഘയുടേത് കൂടിയാണ്.
ഇഷ്ട വിഷയമായ ബി.എസ്.സി സൈക്കോളജി പഠനത്തിനിടെയാണ് തന്റെ എല്ലാമെല്ലാമായ ചേച്ചി അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ അരക്കുതാഴെ തളർന്ന ആതിരയെ പരിചരിക്കണമെങ്കിൽ ആ മേഖലയിൽ അനുഭവ പരിചയം വേണം. ആ തിരിച്ചറിവിൽ തന്റെ സ്വപ്നം ഉപേക്ഷിച്ച് അനഘ ബി.എസ്.സി നഴ്‌സിംഗിനു ചേർന്നു. ഒരു ജോലിയായിരുന്നില്ല അവളുടെ ലക്ഷ്യം. ചേച്ചിയെ പരിചരിക്കുക മാത്രം.
കഴിഞ്ഞ ദിവസം സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ കോഴിക്കോട് മാവൂർ പെരുവയൽ ചെറുകുളത്തൂരിലെ വീട്ടിലിരുന്ന് സന്തോഷക്കണ്ണീർ പൊഴിക്കുകയായിരുന്നു അനഘ. പുറത്തുപറയാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും ആതിര പറയുന്നു ' ഈ നേട്ടം എന്റേതു മാത്രമല്ല അനഘയുടേതുകൂടിയാണ്..."
ജീവിതം തളർത്തിയ ദുരന്തം
2016ൽ ബംഗളൂരുവിൽ ബി.ഡി.എസിന് പഠിക്കുമ്പോഴാണ് ആതിരയ്ക്ക് അപകടമുണ്ടാവുന്നത്. ബൈക്കിൽ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിനു പോകുന്നതിനിടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ടുമാസത്തോളം ഓർമ്മപോലുമില്ലാതെ ആശുപത്രി കിടക്കയിലായി. പിന്നീട് ഓർമ്മ തിരിച്ചുകിട്ടിയെങ്കിലും ജീവിതം വീൽചെയറിലായി. എൽ.ഐ.സി ഏജന്റുമാരായ സുഗതനും മിനിയുമാണ് ഇവരുടെ മാതാപിതാക്കൾ.
ഐ.എ.എസ് കിട്ടിയാൽ
ചേച്ചിക്കൊപ്പം തുടരും
ജർമനിയിലേക്ക് പോകണമെന്ന് അനഘയ്ക്ക് ആഗ്രഹമുണ്ട്. അതിനായി ജർമൻ ഭാഷ പഠിച്ചു. വീസയ്ക്കുള്ള ഒരുക്കങ്ങളും നടന്നു. എന്നാൽ, തനിക്ക് ഐ.എ.എസ് കിട്ടിയാൽ എങ്ങോട്ടും പോകരുതെന്നാണ് ആതിരയുടെ ഓർഡർ. 'ചേച്ചിയാണെനിക്കെല്ലാം. അവളുടെ ആഗ്രഹങ്ങൾക്കപ്പുറത്ത് ഞാൻ ഇതുവരെ ചലിച്ചിട്ടില്ല. ഇതിൽപ്പരം ഇനിയെന്ത് സൗഭാഗ്യമാണ് കിട്ടാനുള്ളത്. ഐ.എ.എസ് കിട്ടിയാൽ ഞാനെങ്ങോട്ടും പോകില്ല. അവൾക്കൊപ്പമുണ്ടാകും. അല്ലെങ്കിൽ ജർമനിയിലേക്ക് കുടുംബത്തിന് താങ്ങാവാനൊരു യാത്ര മനിസിലുണ്ട്."- അനഘ പറയുന്നു.
ഇവളെപ്പോലൊരു അനുജത്തിയുടെ ചേച്ചിയാവാൻ കഴിഞ്ഞതിൽ ഭാഗ്യം ചെയ്തതെന്ന് താനാണ്.
- ആതിര