ജി.സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ലൈവിട്ട് സി.പി.എം; കുടുംബം ഇടപെട്ട് നീക്കി

Sunday 08 March 2026 1:40 AM IST

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരന്റെ അനുമതിയില്ലാതെ പാർട്ടി സോഷ്യൽ മീഡിയ വിഭാഗം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ ,കുടുംബത്തിന്റെ ആവശ്യ പ്രകാരം നിമിഷങ്ങൾക്കകം നീക്കം.പാർട്ടിയുമായി വീണ്ടും രമ്യതയിലാവാൻ താത്പര്യമില്ലെന്ന് സുധാകരൻ ആവർത്തിച്ചതിന് പിന്നാലെയാണ്,മുഖ്യമന്ത്രി പങ്കെടുത്ത പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുധാകരന്റെ കുടുംബം വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതാദ്യമായല്ല സുധാകരന്റെ പേജിൽ അനുമതിയില്ലാതെ വീഡിയോ നൽകുന്നത്. കഴിഞ്ഞ വർഷത്തെ പുന്നപ്ര - വയലാർ വാർഷികാചരണ ചടങ്ങിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ട വേളയിൽ നീക്കം ചെയ്യാൻ കുടുംബം പറഞ്ഞിരുന്നു.തുടർന്ന് പല തവണ ലൈവ് ഗ്രൂപ്പിൽ നിന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യണമെന്ന് സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ ആരംഭിച്ച പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന ആകാംക്ഷയ്ക്കിടെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ലൈവ് വന്നത്. ഇതോടെ സുധാകരൻ നിലപാടിൽ അയവ് വരുത്തുന്നുവെന്ന തരത്തിൽ പ്രചരണങ്ങളും ആരംഭിച്ചിരുന്നു.

വിവിധ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ വന്നിറങ്ങിയത് ജി.സുധാകരന്റെ വീടിന് അധികം അകലെയല്ലാത്ത പുന്നപ്ര എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ്. മുഖ്യമന്ത്രി സന്ദർശിക്കുമോയെന്ന സംശയത്തിൽ സുധാകരന്റെ വീടിന് സമീപം പൊലീസ് നിലയുറപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ദേശീയപാത വഴി നേരെ സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫിസിലേക്കും തുടർന്ന് ഉദ്ഘാടന ചടങ്ങുകൾക്കുമാണ് പോയത്.

ശിവൻകുട്ടിക്ക്

അഭിനന്ദനം

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പഠിച്ച പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ 'വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ' എന്ന് പുനർനാമകരണം ചെയ്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പ്രശംസിച്ച് ജി.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ്.ഇക്കാര്യം ആവശ്യപ്പെട്ട് ജി.സുധാകരൻ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.