ഐ.എ.എസുകാരെ മെരുക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

Sunday 08 March 2026 12:52 AM IST

തിരുവനന്തപുരം: ഐ.എ.എസുകാരെ ചട്ടങ്ങൾ പാലിക്കാതെ തോന്നുംപടി മാറ്റുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്രഅഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ. ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ആവശ്യപ്പെടാനും ഇടയുണ്ട്.

സ്ഥാനക്കയറ്റം, വിരമിക്കൽ, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ എന്നീ സാഹചര്യങ്ങളിലൊഴികെ ഐ.എ.എസുകാരെ ഒരുപദവിയിൽ രണ്ടുവർഷം തുടരാൻ അനുവദിക്കണമെന്നാണ് കേഡർ ചട്ടം. ഐ.എ.എസുകാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കായി സിവിൽസർവീസ് ബോർഡ് കൂടണമെന്നും ഉത്തരവിലുണ്ട്.

ഒരുപദവിയിൽ രണ്ടുവർഷത്തിലേറെയുള്ള ഉദ്യോഗസ്ഥരെ സിവിൽസർവീസ് ബോർഡിന്റെ അനുമതിയില്ലാതെ സ്ഥലംമാറ്റാൻ അനുവദിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സ്ഥലംമാറ്റത്തിന് അനുമതിവേണമെന്നും ആവശ്യപ്പെട്ടാവും അപ്പീൽ പോവുകയെന്നറിയുന്നു.

ഐ.എ.എസ് കേഡർ തസ്തികകളിൽ അവരെ മാത്രമേ നിയമിക്കാവൂ എന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ, എക്സൈസ് കമ്മിഷണറായി ഐ.പി.എസുദ്യോഗസ്ഥനായ എം.ആർ.അജിത്കു

മാറിനെ നിയമിച്ചത് അസാധുവാക്കിയിരുന്നു. എന്നാൽ അജിത്കുമാർ ഇന്നലെയും ഓഫീസിലെത്തി.

ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കണമെങ്കിൽ ബോർഡ് ചേർന്ന് എക്സൈസ് കമ്മിഷണറായി ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കാൻ ശുപാർശ ചെയ്യണം. ചീഫ്സെക്രട്ടറി, ആഭ്യന്തര- പൊതുഭരണ സെക്രട്ടറിമാർ എന്നിവരാണ് സിവിൽസർവീസ് ബോർഡിലുള്ളത്.

ഫലത്തിൽ എക്സൈസ് കമ്മിഷണർ ഇല്ലാത്ത അവസ്ഥയാണ്.

രാജ്യത്താകെ ഐ.എ.എസ് സ്ഥലംമാറ്റങ്ങൾക്കും നിയമനങ്ങൾക്കുമുള്ള അടിസ്ഥാനമായി ട്രൈബ്യൂണൽ ഉത്തരവ് മാറുമെന്നാണ് ഐ.എ.എസ് അസോസിയേഷൻ പറയുന്നത്.

അശോകിനെ മാറ്റാൻ നീക്കം

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.ബി.അശോക് ആ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കിയതിനാൽ ബോർഡ് ചേർന്ന് അദ്ദേഹത്തെ മറ്രൊരു പദവിയിലേക്ക് മാറ്റാൻ നീക്കമുണ്ട്. അശോകിന് ചട്ടവിരുദ്ധമായി തുടരെത്തുടരെ 3സ്ഥലംമാറ്റം നൽകിയത് ട്രൈബ്യൂണൽ റദ്ദാക്കിയിട്ടുണ്ട്. തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ, ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ, ഉദ്യോഗസ്ഥ ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിങ്ങനെയായിരുന്നു ആ സ്ഥലംമാറ്റങ്ങൾ.

261

ഐ.എ.എസ് കേഡർ തസ്തികകളാണ് കേരളത്തിലുള്ളത്. 126സീനിയർ തസ്തികകളാണ്.

''സർക്കാർ ഹൈക്കോടതിയിലെത്തിയാൽ ഐ.എ.എസ് അസോസിയേഷനും പോവും. സർക്കാർ ഉന്നയിച്ച എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. ''

-ഡോ.ബി.അശോക്

ഐ.എ.എസ് അസോ.പ്രസിഡന്റ്

2014ലെ ടി.എസ്.ആർ സുബ്രഹ്മണ്യം കേസിലെ സുപ്രീംകോടതി ഉത്തരവിലും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ട്രൈബ്യൂണൽ ഉത്തരവ്.