രാഹുൽ ഗാന്ധിയോട് ശിവഗിരി മഠം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാരെ പരിഗണിക്കണം

Sunday 08 March 2026 12:56 AM IST

മഠത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി

ശിവഗിരി:നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങളെ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയോട് ആവശ്യമുന്നയിച്ച് ശിവഗിരിമഠം. മഠത്തിൻ്റെ ആവശ്യം അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി.

മുഖ്യധാരയിൽ പിന്തള്ളപ്പെടുന്ന പിന്നാക്ക ജനവിഭാഗങ്ങളെ അർഹമായവിധത്തിൽ പരിഗണിക്കണമെന്ന് രാഹുലിന് നൽകിയ കത്തിൽ മഠം ആവശ്യപ്പെട്ടു .ഇന്നലെ ശിവഗിരി മഹാസമാധി സന്ദർശനത്തിന് ശേഷം മഠം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ഒപ്പിട്ട നിവേദനം നൽകിയത്. ഏതെങ്കിലും വ്യക്തികളുടെയോ മണ്ഡലങ്ങളുടെയോ പേർ നിർദ്ദേശിച്ചില്ലെന്നും ,അതെല്ലാം ഓരോ പാർട്ടിയും തീരുമാനിക്കേണ്ടതാണെന്നും സ്വാമി സച്ചിദാനന്ദ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊല്ലത്ത് ശ്രീനാരായണഗുരു- മഹാത്മാഗാന്ധി മഹാസംഗമത്തിന്റെ ശതാബ്ദി ആഘോഷപരിപാടിയിൽ പങ്കെടുത്ത

ശേഷമാണ് രാഹുൽഗാന്ധി ശിവഗിരിയിലെത്തിയത്. ഹെലിക്കോപ്റ്ററിൽ വർക്കല ഗ്രൗണ്ടിലിറങ്ങിയ ശേഷം രാവിലെ 10.20 ഓടെ മഹാസമാധിയിലെത്തിയ രാഹുലിനെ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, ചാണ്ടിഉമ്മൻ, മുൻ എം.എൽ.എ വർക്കലകഹാർ, ഡോ.എസ്.എസ്.ലാൽ, അഡ്വ.കെ.ആർ.അനിൽകുമാർ എന്നിവരും രാഹുലിനൊപ്പണ്ടായിരുന്നു.മഹാസമാധിയിൽ ആരതി തൊഴുത് കാണിക്കയർപ്പിച്ച് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ശിവനാരായണതീർത്ഥ എന്നിവരും സന്നിഹിതരായിരുന്നു.

സമാധി വലം വച്ച ശേഷം അദ്ദേഹം പോയത് വൈദിക മഠത്തിലേക്കാണ്. സ്വാമി ബോധാനന്ദ സമാധി മന്ദിരത്തിന് മുന്നിലും അദ്ദേഹം ഭക്ത്യാദരവോടെ വണങ്ങി . തുടർന്ന് വൈദിക മഠത്തിന് വലം വച്ചു. ശിവഗിരി മഠവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മഠം ഭാരവാഹികളോട് അദ്ദേഹം ആരാഞ്ഞു. ശാരദാമഠത്തിലും തൊഴുത് വലം വച്ച ശേഷം ഗസ്റ്റ്

ഹൗസിലെത്തി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ഇളനീരും കുടിച്ചു. ഗുരുവിന്റെ ജീവിത ചരിത്രം, ഗുരുവിന്റെ കൃതികൾ ഉൾപ്പെടെയുള്ള സ്വാമി സച്ചിദാനന്ദ കൈമാറി. നാൽപ്പത് മിനിട്ടോളം രാഹുൽ ശിവഗിരി മഠത്തിൽ ചെലവിട്ടു.