എഫ്.ഐ.ആറും കേസ് ഡയറിയും എഴുതേണ്ട,സംസാരിച്ചാൽ മതി പൊലീസിന് എ.ഐ 'ഭാഷിണി' തയ്യാർ

Sunday 08 March 2026 12:58 AM IST

തിരുവനന്തപുരം: പൊലീസിന് ഇനി ഫയലെഴുതാൻ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യേണ്ടതില്ല. സ്പീച്ച് ടു ടെക്സ്റ്റ്(സംസാരം എഴുത്തായി മാറ്റുന്ന രീതി) ഏർപ്പെടുത്തിയതോടെ ഔദ്യോഗിക റിപ്പോർട്ടുകൾ സംസാരിച്ചുകൊണ്ട് തന്നെ തയ്യാറാക്കാൻ സാധിക്കും. പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഓഫീസ് സംവിധാനമായ ഐ.സി.ഒ.പി.എസിൽ(ഇന്റഗ്രേറ്റഡ് കോർ പൊലീസിംഗ് സിസ്റ്റം) കേന്ദ്ര സർക്കാരിന്റെ ഭാഷാ എ.ഐ പ്ലാറ്റ്‌ഫോമായ 'ഭാഷിണി' കൂടി ഉൾപ്പെടുത്തിയതോടെയാണ് ഇത് സാധ്യമായത്.ഇതോടെ എഫ്.ഐ.ആർ, കേസ് ഡയറി,മൊഴികൾ എന്നിവ മൈക്രോഫോണിലൂടെ സംസാരിച്ച് വേഗത്തിൽ തയ്യാറാക്കാം.

ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താൽ മലയാളത്തിലേക്ക് മാറ്റാവുന്ന തർജമ സൗകര്യവും ലഭ്യമാണ്.വിദേശ സേവനങ്ങളെ ആശ്രയിക്കാതെ രാജ്യത്തെ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ഡാറ്റ പൂർണ്ണമായും സുരക്ഷിതമായിരിക്കും.റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള സമയം ലാഭിക്കാനും ഫീൽഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ഉടൻ രേഖപ്പെടുത്താനും ഈ മാറ്റം സഹായിക്കും.പൊലീസിനെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണിത്.