ഇന്ന് ആന്താരാഷ്ട്ര വനിതാ ദിനം: റാംപിൽ അമിത കറുത്ത മുത്ത്
കൊല്ലം: ദുബായിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ ഷോയിൽ പ്രശസ്ത ബ്രാൻഡിനെ പ്രതിനിധീകരിച്ച് ലോക പ്രശസ്ത മോഡലുകൾക്കൊപ്പം അമിത അന്ന സാബു എന്ന 25കാരി റാംപിൽ തിളങ്ങുമ്പോഴും ലക്ഷ്യം ഒന്നുമാത്രം, ലോക സുന്ദരിപ്പട്ടം.
ജയ്പൂരിൽ 'മിസ് യൂണിവേഴ്സ് ഒഫ് കേരള' കിരീടം ചൂടിയതിന് പിന്നാലെയുള്ള ഈ അന്താരാഷ്ട്ര അംഗീകാരം ലോക സുന്ദരിപ്പട്ടത്തിലേക്കുള്ള അമിതയുടെ ചുവടുവയ്പുകളെ കൂടുതൽ ദൃഢമാക്കുന്നു. വിമാനത്താവളങ്ങൾ താത്കാലികമായി അടഞ്ഞതോടെ ദുബായിൽ നിന്ന് മടങ്ങാനാകാതെ കുടുങ്ങിയെങ്കിലും പരസ്യചിത്രങ്ങൾക്ക് മോഡലായി ആഘോഷമാക്കുകയാണ് അമിത.
കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് മോഡലിംഗ്. എന്നാൽ കറുപ്പിന്റെ പേരിൽ പലരും കളിയാക്കി, സ്വന്തം സ്വപ്നങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നവരുടെ എണ്ണവും കൂടി. എങ്കിലും അമിതയുടെ ലക്ഷ്യം സ്വന്തം സ്വപ്നം തന്നെ.
ചുമട്ട് തൊഴിലാളിയുടെ മകൾ
ബെവ്കോയിലെ ചുമട്ടുതൊഴിലാളിയായ കുന്നത്തൂർ പോരുവഴി മലനട ദേവഗിരി ചിഞ്ചുഭവനിൽ സാബുവിന്റെയും അങ്കണവാടി അദ്ധ്യാപികയായ ലീലാമ്മയുടെയും മകളാണ് അമിത അന്ന സാബു. മലയാളം മീഡിയത്തിൽ പഠിച്ച്, പ്ളസ് ടുവിന് ഏവിയേഷൻ കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരം എയർപോർട്ടിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തുവരികയാണ്. വീടിന്റെ മട്ടുപ്പാവിൽ അമിത സ്വന്തമായി തയ്യാറാക്കിയ റാംപിലാണ് പരിശീലനം. ചേച്ചി നമിത സാബു ഗായികയാണ്.
അപമാനിച്ചിട്ടും അപരാജിത
2020ൽ മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിച്ചു
സ്കിൻ ടോൺ ശരിയല്ലെന്ന കാരണത്താൽ ഒഴിവാക്കി
അപമാനിതയായെങ്കിലും മോഡലിംഗിൽ കൂടുതൽ സജീവമായി
കേരളത്തിൽ തന്നെ 32 ഫാഷൻ ഷോകളിൽ പങ്കെടുത്തു
കഴിഞ്ഞ ഡിസംബറിൽ ജയ്പൂരിൽ നടന്ന ഫോർ എവർ സ്റ്റാർ ഇന്ത്യയുടെ 'ഫോർ എവർ മിസ് ഇന്ത്യ- മിസ് യൂണിവേഴ്സ് ഒഫ് കേരള' മത്സരത്തിൽ 'യൂണിവേഴ്സ് മിസ് കേരള'യായി
2023ൽ മിസ് ഗ്ളാം സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ്
ഒത്തിരി സങ്കടപ്പെടേണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ ഫുൾ ഹാപ്പി. ഇന്റർ നാഷണൽ ബ്രാൻഡ് സൂപ്പർ മോഡലാകണം. ഈ മാസം 22ന് നാട്ടിൽ പോരുവഴി ക്ഷേത്രത്തിൽ ഗായിക കെ.എസ്.ചിത്രയിൽ നിന്ന് അനുമോദനം ലഭിക്കുന്നുണ്ട്.
അമിത അന്ന സാബു