കോടതി നടപടികളും മലയാളത്തിൽ വേണം: മുഖ്യമന്ത്രി

Sunday 08 March 2026 1:59 AM IST

കൊച്ചി: ഭരണ നിർവഹണം മാത്രമല്ല, കോടതി നടപടികളും മാതൃഭാഷയിലാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലായാൽ വിചാരണ നേരിടുന്ന ആൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അല്ലെങ്കിൽ അവർ വല്ലാത്ത അവസ്ഥയിലൂടെയാകും കടന്നുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോടതി ഉത്തരവുകൾ മലയാളത്തിൽ വേണമെന്ന നിർദ്ദേശവും മലയാള ഭാഷാ നിയമത്തിലുണ്ട്. മേൽക്കോടതികളെ സമീപിക്കാൻ ഉത്തരവുകൾ ഇംഗ്ലീഷിൽ ആക്കി നൽകാനുള്ള സംവിധാനം ജില്ലാ കോടതികളിൽ ഒരുക്കും. ഇക്കാര്യത്തിലൊക്കെ കോടതികളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ പുതിയ ലോഗോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓൺലൈനായി പ്രകാശനം ചെയ്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സുവനീർ പ്രകാശനം നിർവഹിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി, പ്രോസിക്യൂഷൻ ഭരണവിഭാഗം ഡയറക്ടർ കെ.കെ. ഫരീദ മജീദ് എന്നിവർ പ്രസംഗിച്ചു.