ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റി​ൽ

Sunday 08 March 2026 1:32 AM IST

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ചുപേരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റുചെയ്തു.

പശ്ചിമബംഗാൾ ജയ്ഗാവ് സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ സീനിയർ എൻജിനിയറുമായ ബിശ്വദീപ് ദാസ് (35),അസാമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ പാട്‌നബസാർ ഷോഗൺപൂർ സ്വദേശി ദീപക് പട്ടോവരി (57),ബോംഗായി ജോഗിഘോപ്പ സ്വദേശി അയൂബ അലി (35),ചപാർ ദുബ്രി ജലാൽ മണ്ഡൽ (31),ഗോൽപാറ ബോലാഡ്മാരി സ്വദേശി മുസ്തഫ അഹ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ അസാം സ്വദേശികളാണ്.

3,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് കസ്റ്റംസ് സംഘം മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ പിടികൂടിയത്. പശ്ചിമബംഗാൾ കസ്റ്റംസിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായത്തോടെ കഴിഞ്ഞ 22നായിരുന്നു രഹസ്യനീക്കം.

നാലുപേരെ കുടുക്കാൻ ഷില്ലോംഗ് കസ്റ്റംസും സഹായിച്ചു. പ്രതികളെ കൊച്ചിയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് നടപടി​ ആരംഭിച്ചത്. കേരളത്തിൽ 142 വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. നടന്മാരായ ദുൽഖർ സൽമാൻ,അമിത് ചക്കാലയ്‌ക്കൽ എന്നി​വരുൾപ്പെടെ ഇതിൽ കുടുങ്ങി.

കണ്ടെയ്‌നറി​ൽ കടത്തും,

വ്യാജരേഖ ചമയ്‌ക്കും

വാഹനങ്ങൾ അഴി​ച്ച് കണ്ടെയ്നർ ലോറി​കളി​ലാക്കി​ ഫുന്റ്‌ഷൊലിംഗ് വഴി അതിർത്തി ഗ്രാമമായ ജയ്ഗാവിലെത്തിച്ച് വ്യാജരേഖകൾ ഉണ്ടാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്നു. ദീപക് പട്ടോവരി അസാമിൽ വ്യാജരേഖ ചമച്ച് 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഇയാൾ മുമ്പും സമാന കുറ്റകൃത്യത്തിന് പിടിയിലായിട്ടുണ്ട്. ആഡംബര കാറുകൾക്ക് പുറമേ ഭൂട്ടാനിൽ നിന്ന് ലോറികളും ഭാഗങ്ങളാക്കി സംഘം കണ്ടെയ്‌നർ ലോറിയിൽ കടത്തി.