വയനാട് ടൗൺഷിപ്പ് കാണാനെത്തി മലയാളത്തിന്റെ മഹാനടൻ 

Sunday 08 March 2026 1:33 AM IST

കൽപ്പറ്റ: സമയം ഉച്ചയ്ക്ക് 12,​ വയനാട് ടൗൺഷിപ്പിലേക്ക് കറുത്ത കാർ പ്രവേശിക്കുന്നത് കണ്ട് പലരും അമ്പരന്നു. എല്ലാ കണ്ണുകളും കാറിനു നേരെ. ഡോർ തുറന്ന് ഒരാൾ പുറത്തേക്ക്. മെഗാസ്റ്റാർ മമ്മൂട്ടി !. ഏവരും ഞെട്ടി. മുന്നറിയിപ്പില്ലാതെയാണ് മലയാളത്തിന്റെ മഹാനടൻ ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അതേ വീട്ടിലേക്ക് മമ്മൂട്ടിയെത്തി. വീടിന്റെ സൗകര്യങ്ങളെല്ലാം നടന്നുകണ്ടു. വീട് ലഭിച്ച ചൂരൽമല സ്വദേശി അസീസുമായി സംസാരിച്ചു. "വീട് ലഭിച്ചതിൽ ഏറെ സന്തോഷം. വീട്ടിൽ കൂടുമ്പോൾ കേരളത്തിലെ മുഴുവൻ ആളുകളെയും ക്ഷണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു പ്രത്യേകിച്ച് മമ്മൂക്കയെ. നിങ്ങളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. എന്റെ വീട്ടിൽ വന്നല്ലോ,​എനിക്ക് സന്തോഷമായി " അസീസ്‌ ചോദിച്ചു. ശരി അങ്ങനെയാകട്ടെ എന്ന് മമ്മൂട്ടിയുടെ മറുപടി. ടൗൺഷിപ്പ് പദ്ധതി നോഡൽ ഓഫീസർ ഡോ.അരുൺ ടൗൺഷിപ്പിലെ സൗകര്യങ്ങൾ മമ്മൂട്ടിക്ക് വിവരിച്ചു നൽകി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹമെത്തിയത്. 'പദയാത്ര' നിർമാതാവ് ആന്റോ ജോസഫ്,സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി കെ.എം.ഫ്രാൻസിസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

' ടൗൺഷിപ്പ് ജനങ്ങളുടെ പദ്ധതി ' - മമ്മൂട്ടി

-------------------------------------------------------------

'' മനുഷ്യന് ഭക്ഷണം,വസ്ത്രം,പാർപ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യമുള്ളത്. ഇത് മൂന്നും എല്ലാവർക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗൺഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗൺഷിപ്പിൽ പ്രകടമാകുന്നത്. പാർപ്പിടം ഒരുക്കി നൽകുക എന്നത് ചെറിയ കാര്യമല്ല. ജനങ്ങളുടെ കൂട്ടായ്മയിൽ നിന്ന് ഉയർന്ന വിസ്മയമാണ് ടൗൺഷിപ്പ്. നിരാശ്രയരായ കുറേ മനുഷ്യരെയാണ് സർക്കാരിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചത്. കേരളത്തിലെ മനുഷ്യരെല്ലാം ഇതിനായി ഒന്നിച്ചിട്ടുണ്ട്."