ഗൾഫിലേക്ക് പ്രത്യേക വിമാന സർവീസ്

Sunday 08 March 2026 1:39 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ വിമാനക്കമ്പനികൾ പ്രത്യേക സർവീസുകൾ നടത്തും. ദുബായ്, അബുദാബി, മസ്‌ക്കറ്റ്, ജിദ്ദ, റാസൽ ഖൈമ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എയർഇന്ത്യയും എയർഇന്ത്യാ എക്‌സ്‌പ്രസും ഇന്നലെ 50 ഓളം സർവീസുകൾ നടത്തി​. ഇൻഡി​ഗോ ഇന്നലെയും 114 സർവീസുകൾ റദ്ദാക്കി​.

സൗദി അറേബ്യയും ഒമാനും വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്ന് അവിടേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ ഇൻഡിഗോ അഞ്ച് പ്രത്യേക സർവീസുകൾ നടത്തി. എയർ ഇന്ത്യ ജിദ്ദ, മസ്‌കറ്റ് ഷെഡ്യൂൾ സർവീസുകൾ പുനരാരംഭിച്ചു. സ്‌പൈസ് ജെറ്റും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് മുൻ‌ഗണന നൽകുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സർവീസ് നടത്തും. നിരവധി യാത്രക്കാർ പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന കാര്യം മനസിലാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.