നിയമസഭാ തിരഞ്ഞെടുപ്പ് : 48 വീതം ഫ്‌ളൈയിംഗ് സ്റ്റാറ്റിക് സർവയലൻസ് സ്‌ക്വാഡുകൾ രൂപീകരിച്ചു

Sunday 08 March 2026 2:09 AM IST

മലപ്പുറം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും രൂപീകരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ഉത്തരവായി. 16 മണ്ഡലങ്ങൾക്കായി ആകെ 48 വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവയലൻസ് സ്‌ക്വാഡുകളുമാണ് രൂപീകരിച്ചത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നീതിയും സുതാര്യതയും ഉറപ്പുവരുത്തുക, അഴിമതി, അനാവശ്യ സ്വാധീനം, അന്യായ നേട്ടങ്ങൾ എന്നിവ തടയുക, സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ ചെലവുകൾ നിരീക്ഷിക്കുക, സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയവ ചുമതലകളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകൾ, മദ്യവിതരണം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കൽ, അമിതമായ പ്രചാരണ ചെലവുകൾ എന്നിവ നിരീക്ഷിക്കും.പണമായോ വസ്തുക്കളായോ കൈക്കൂലി നൽകൽ, നിയമ വിരുദ്ധ ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കൈവശം വയ്ക്കൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയും സ്‌ക്വാഡ് നിരീക്ഷിക്കുകയും പരിശോധനകളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.

ഫ്‌ളെയിംഗ് സ്‌ക്വാഡ് ടീം ലീഡർമാരായി നിയമിതരായ ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായിരിക്കും. ഓരോ ഫ്‌ളൈയിംഗ് സ്‌ക്വാഡിലും എസ്.ഐ റാങ്കിൽ കുറയാത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഒന്നു മുതൽ രണ്ടുവരെ സായുധ പൊലീസ് ഉദ്യോഗസ്ഥർ/ അസിസ്റ്റന്റുമാർ എന്നിവർ ഉണ്ടായിരിക്കും. ഇവർ അതതു നിയോജക മണ്ഡലങ്ങളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കും.

ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം

സംസ്ഥാന,​ ജില്ലാ,​ മണ്ഡലം അതിർത്തികളിലെ വിവിധ ചെക്ക്‌പോസ്റ്റുകളിൽ 48 സ്റ്റാറ്റിക് സർവയലൻസ് ടീമുകൾ നിരീക്ഷണം നടത്തും. ഓരോ സ്‌ക്വാഡിലും ടീം ലീഡർ കൂടാതെ എ.എസ്.ഐ റാങ്കിൽ കുറയാത്ത മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരും വീഡിയോഗ്രാഫറും ഒന്ന് മുതൽ രണ്ട് വരെ സായുധ പൊലീസ് /അസിസ്റ്റന്റും ഉണ്ടായിരിക്കും. ടീമുകൾ പ്രധാന റോഡുകളിലും ജില്ലസംസ്ഥാന അതിർത്തികളിലും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ നടത്തുകയും അവയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും. ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് സ്‌ക്വാഡ് എന്നിവയിൽ നിയമിതരായ ഉദ്യോഗസ്ഥർക്ക് മാർച്ച് ഒമ്പതിന് രാവിലെ 10 മുതൽ ഒന്നുവരെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ പരിശീലനം നൽകും.

നോഡൽ ഓഫീസർമാരെ നിയമിച്ചു നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകാൻ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ ഓഫീസർമാരെയും നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളുടെ ഫലപ്രദമായ നിരീക്ഷണത്തിനായാണ് 20 നോഡൽ ഓഫീസർമാരെയും 13 അസിസ്റ്റന്റ് നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുള്ളത്.