മലപ്പുറം-ഊട്ടി അന്തർ സംസ്ഥാന സർവീസിന് ഇനി 'പ്രീമിയം' തിളക്കം; പുതിയ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം -ഊട്ടി സർവീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച 'പ്രീമിയം സൂപ്പർ ഫാസ്റ്റ്' ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മം മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ചുരം വഴിയുള്ള ദീർഘദൂര യാത്ര കൂടുതൽ സുഖകരമാക്കാൻ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും രാവിലെ 11ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ് ഊട്ടിയിലെത്തും. വൈകീട്ട് 4.40ന് അവിടെ നിന്നും തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക്. ഇതേ ബസ് പുലർച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂർ സർവീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. പുതിയ പ്രീമിയം ബസ് വന്നതോടെ വിനോദസഞ്ചാരികൾക്കും നിത്യയാത്രക്കാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയും. ചടങ്ങിൽ നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ അനസ് മുണ്ടകവളപ്പിൽ, അസി.ഡിപ്പോ എഞ്ചിനീയർ ജേക്കബ് ജോർജ്, വെഹിക്കിൾ സൂപ്പർവൈസർ ഇ.ടി.പ്രവീൺ കുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത് കുമാർ, തൊഴിലാളി സംഘടനാ പ്രതിനിധികളായ സന്തോഷ്, ഷിഹാബ്, ശെൽവരാജ് പങ്കെടുത്തു.