ഒരു രൂപ നോട്ടിന് ഷൂ ഓഫർ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശി

Sunday 08 March 2026 9:51 AM IST

കോഴിക്കോട്: ഉദ്ഘാടന ദിവസം ഒരു രൂപ നോട്ടിന് ഷൂസ് നൽകുമെന്ന ഓഫറിനെത്തുടർന്ന് കടയ്ക്കു മുന്നിൽ വൻ ജനക്കൂട്ടം. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. കോഴിക്കോട് മാനാഞ്ചിറയിലുള്ള ട്രെൻഡ്സ് ഫാക്ടറി എന്ന ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആദ്യത്തെ നൂറ് പേർക്ക് ഷൂ നൽകുമെന്നായിരുന്നു ഓഫർ. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശുകയും കടയുടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് നൽകിയ പരസ്യമാണ് ഒടുവിൽ കടയുടമയ്ക്ക് തന്നെ വിനയായത്.

ഉദ്ഘാടന ദിനം ഒരു രൂപ നോട്ടുമായി എത്തിയാൽ ഷൂസ് നൽകുമെന്ന് ഉടമ സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് പുലർച്ചെ മുതൽ ആയിരക്കണക്കിന് ആളുകളാണ് കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. ഏറെയും യുവാക്കളാണ് എത്തിയത്. കട തുറന്നതോടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച യുവാക്കളുടെ കൂട്ടം വലിയ തോതിലുള്ള തിക്കും തിരക്കുമാണ് സൃഷ്ടിച്ചത്. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെ കടയുടമതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാർജിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആളുകളെ കൂട്ടിയതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനും കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.