ശിവഗിരി തീർത്ഥാടന വിളംബരം ബീജിംഗിൽ നടന്നു

Monday 21 October 2019 12:31 AM IST

ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടന വിളംബരം കഴിഞ്ഞ ദിവസം ചൈനയിലെ ബീജിംഗിൽ നടന്നു. ചൈന സന്ദർശിക്കുന്ന ശിവഗിരിയിൽ നിന്നുള്ളസംഘത്തിന്റെ നേതൃത്വത്തിലാണ് തീർത്ഥാടന വിളംബരം നടന്നത്. ഡിസംബർ 30, 31, ജനുവരി 1തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടനത്തിന്റെ ആഗമനം ആഗോള തലത്തിൽ അറിയിക്കുന്നതിന്റെ ഭാഗമായാണ് വിളംബരം നടന്നത്. ചൈനീസ് പാർലമെന്റ് മന്ദിരത്തിനും മാവോ സെ തുങിന്റെ സ്‌മാരകത്തിനും മുന്നിൽ വച്ച് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയാണ് വിളംബരം നിർവഹിച്ചത്. ഗുരുദേവന്റെ ശിവഗിരി തീർത്ഥാടനം എന്ന ആശയവും ലക്ഷ്യവും പ്രതിപാദിക്കുന്ന മങ്ങാട് ബാലചന്ദ്രൻ തയ്യാറാക്കി കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ് എന്ന ഗ്രന്ഥം ബീജിംഗിലെ സാംസ്ക്കാരിക പ്രവർത്തകർക്ക് നൽകി കൊണ്ടാണ് തീർത്ഥാടന വിളംബരം നിർവഹിക്കപ്പെട്ടത്. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മങ്ങാട് ബാലചന്ദ്രൻ, അരുവിപ്പുറം പ്രചരണ സഭ കൺവീനർ വണ്ടന്നൂർ സന്തോഷ്, മീഡിയാകമ്മിറ്റി കൺവീനർ ഡോ. എം.ജയരാജ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ആദ്യമായാണ് വിദേശത്ത് വച്ച് ശിവഗിരി തീർത്ഥാടനത്തിന്റെ ഔപചാരികമായ വിളംബരം നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെയും ശിവഗിരി തീർത്ഥാടനം എന്ന നവോത്ഥാന ആശയത്തെയും കുറിച്ച് സ്വാമി സാന്ദ്രാനന്ദ സംസാരിച്ചു.

ഫോട്ടോ: 87-ാമത് ശിവഗിരി തീർത്ഥാടന വിളംബരത്തിന്റെ ഭാഗമായി ചൈനയിൽ ബീജിംഗിൽ ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ് എന്ന ഗ്രന്ഥം ബീജിംഗിലെ സാംസ്‌ക്കാരിക പ്രവർത്തകർക്ക് സ്വാമി സാന്ദ്രാനന്ദ നൽകുന്നു. ഡോ.എം.ജയരാജ്, സ്വാമി ശിവസ്വരൂപാനന്ദ,സ്വാമി വിശാലാനന്ദ, മങ്ങാട് ബാലചന്ദ്രൻ, വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം.