അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ്; 254 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം,​ റെക്കാഡുമായി യുവതാരം

Sunday 08 March 2026 11:52 AM IST

വെല്ലിംഗ്ടൺ: ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ ആരുംനേടാത്ത അത്യപൂർവ്വ നേട്ടവുമായി ന്യൂസിലൻഡ് യുവ താരം ബ്രെറ്റ് രൺഡൽ. ആഭ്യന്തര ക്രിക്കറ്റിന്റെ 254 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുപ്പതുകാരനായ രൺഡൽ ചരിത്രം തിരുത്തിയത്. 1772-ൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ആഭ്യന്തര ക്രിക്കറ്റിന് ശേഷമുള്ള 254 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ബൗളർ തുടർച്ചയായ അഞ്ച് വിക്കറ്റുകൾ നേടുന്നത്.

തന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഹെന്റി കൂപ്പറെ എറിഞ്ഞിട്ട ശേഷമാണ് രൺഡൽ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ മുൻ ന്യൂസിലൻഡ് താരം ജീത് രാവലിനെ പുറത്താക്കി. അടുത്ത മൂന്ന് പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടം രൺഡലിനെ തേടിയെത്തുകയായിരുന്നു. ഐറിഷ് താരം ക്രിസ്റ്റ്യൻ ക്ലാർക്കിനെ പുറത്താക്കിയ പന്തിലാണ് റെക്കാഡ് പിറന്നത്. തൊട്ടടുത്ത ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ എതിർ ടീമിന്റെ തകർച്ച പൂർത്തിയായി.

സെൻട്രൽ ഡിസ്ട്രിക്‌‌ടിന്റെ 373 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ നോർത്തേൺ ഡിസ്ട്രിക്‌‌ട് വെറും 82 റൺസിനാണ് പുറത്തായത്. ഒൻപത് വർഷത്തെ കരിയറിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രൺഡൽ 25 റൺസ് മാത്രം വഴങ്ങിയാണ് ഏഴ് വിക്കറ്റുകൾ പിഴുതത്. കഴിഞ്ഞ വർഷം അയർലൻഡ് താരം കർട്ടിസ് കാംഫർ ഒരു ആഭ്യന്തര ട്വന്റി-20 മത്സരത്തിൽ അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും, ദിവസങ്ങൾ നീളുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇങ്ങനെയൊരു നേട്ടം ആദ്യമായാണ്.