'അദ്ദേഹത്തിനുപോലും പോയി കാണണമെന്നുതോന്നിയ മഹത്തായ മാതൃക'; മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തെ തള്ളി മന്ത്രി പി രാജീവ്

Sunday 08 March 2026 1:49 PM IST

കൊച്ചി: നടൻ മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എവിടെ നിന്നെങ്കിലും എന്തെങ്കിലും പറയുന്നതല്ല പ്രധാനമെന്നും മമ്മൂട്ടി എത്തിയതോടെ വയനാട് ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകം അറിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്രയും തിരക്കിനിടയിലും മമ്മൂട്ടി എത്തിയതിനെക്കുറിച്ചാണ് ചർച്ചചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

'ഇത് മാതൃകയാണ്. ഇത്രയും തിരക്കുകൾക്കിടയിലും മഹാനടനായ മമ്മൂട്ടിക്കുപോലും അവിടെ പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ ഒരു മാതൃക നമുക്ക് ലോകത്തിന് മുമ്പിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലേ? അദ്ദേഹം പെരുമ്പളം പാലത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ എത്ര മനോഹരമാണ്. എന്താണ് വികസനമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ അങ്ങേയറ്റം പ്രസക്തമാണ്. മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചതിലൂടെ ലോകത്തിനുമുമ്പിൽ ആ പദ്ധതിക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടിക്ക് തോന്നിയതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്'- പി രാജീവ് കൂട്ടിച്ചേർത്തു.

ഇന്നലെ വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടന്നു. ഇതുസംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.