ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളിയെന്ന ആരോപണം; സിപിഎമ്മിന്റെ കപടതയാണെന്ന്  ബിജെപി

Sunday 08 March 2026 3:14 PM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം സിപിഎമ്മിന്റെ കപടതയാണെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. ഇക്കഴിഞ്ഞ ഇരുപത് വർഷമായി ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചയ്ക്കലും ചെറുവയ്ക്കലുമുള്ള സർക്കാർ സ്ഥലങ്ങളിലാണ് നിക്ഷേപിച്ച് വരുന്നതെന്നും കളക്ടറും മന്ത്രി ശിവൻ കുട്ടിയും മേയറും ഉൾപ്പെട്ട യോഗത്തിൽ തീരുമാനിച്ചതാണ് ഇക്കാര്യമെന്നും കരമന ജയൻ വ്യക്തമാക്കി.

'കഴിഞ്ഞ കൊല്ലങ്ങളിൽ ഇതേ കാര്യം നടപ്പാക്കിയ ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തവണയും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ നിർവഹിച്ചത്. ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നത് പോലെ സിപിഎം ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാനും ശ്രമങ്ങൾ നടത്തുന്നുവെന്നതിന്റെ തെളിവാണ്,​ പൊങ്കാലയ്ക്ക് തൊട്ടുമുമ്പ് സാങ്കേതികത്വം പറഞ്ഞ് നഗരത്തിൽ വെള്ളം കുടി മുടക്കിയതും,​ അതു പ്രചരിപ്പിച്ച് ഭക്ത ജനങ്ങളിൽ ഭീതിയുണ്ടാക്കി പൊങ്കാലയ്ക്ക് വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിച്ചതും. പൊങ്കാലയ്ക്ക് ശേഷവും അടിസ്ഥാന രഹിതമായ തുടർ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്നുണ്ട്.

സിപിഎം ഇന്നലെ പ്രഖ്യാപിച്ച ശുചീകരണ നാടകം പൊളിഞ്ഞു. അത് ഇന്ന് ഞായറാഴ്ചയ്ക്ക് മാറ്റിയതിന് പിന്നിൽ ഞായറാഴ്ച ദിവസം സാധാരണയായി മാലിന്യം നീക്കം ചെയ്യാത്തതിനെ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. അധികാരം നഷ്ടപ്പെട്ടതിലും സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പാർക്കിംഗ് മാഫിയ പോലുള്ളതിന്റെ അടിവേരറുത്തതിലും സിപിഎം അസ്വസ്ഥരാവുന്നതിൽ ബിജെപിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല.'- കരമന ജയൻ ആരോപിച്ചു.

തിരുവനന്തപുരം നഗരത്തിൽ സജീവമായിട്ടുള്ള പാർക്കിംഗ് മാഫിയ, ഫുട്ട് പാത്ത് കൈയ്യേറ്റ മാഫിയ, റോഡ് കൈയ്യേറ്റ മാഫിയ, കരമന- കിള്ളിയാർ കൈയ്യേറ്റ മാഫിയ തുടങ്ങിയവയുടെ വേര് അറുക്കുമെന്നും കരമന ജയൻ പറഞ്ഞു.