നെടുമ്പാശേരിയിൽ വന്ദേഭാരതിന് കല്ലേറ്
കൊച്ചി: തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന് നേരെ ആലുവയ്ക്കും അങ്കമാലിക്കുമിടെ കല്ലേറ്. ശനിയാഴ്ച രാത്രി 7.10ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ട്രെയിൻ കടന്നു പോകുമ്പോഴായിരുന്നു സംഭവം.
ട്രെയിനിന്റെ സി 9 കോച്ചിന്റെ ജനാലയ്ക്ക് നേരെയായിരുന്നു കല്ലേറ്. ആകെ 20 കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. കല്ലേറിന്റെ ആഘാതം ചെറുക്കാൻ ശേഷിയുള്ള ലാമിനേറ്റഡ് ചില്ലുകളായതിനാൽ ജനാലപാളി തകർന്നില്ലെങ്കിലും നേരിയ പൊട്ടലുണ്ട്.
ട്രെയിൻ രാത്രി 7.56ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചത്. കോച്ചിൽ പരിശോധന നടത്തിയ ശേഷം ഗാർഡ് തൃശൂർ ആർ.പി.എഫിനെ വിവരം അറിയിച്ചു. ആലുവ ആർ.പി.എഫ് സി.ഐ വേണുവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി സ്ഥലത്ത് പരിശോധന നടത്തി. ഇന്നലെ രാവിലെ നെടുമ്പാശേരി ഭാഗത്ത് വീണ്ടും പരിശോധന നടന്നു. കല്ലേറുണ്ടായ ഭാഗം തിരിച്ചറിഞ്ഞുവെന്നാണ് സൂചന.
വന്ദേഭാരതിൽ കോച്ചുകളുടെ അകത്തും പുറത്തും സി.സി ടിവി ക്യാമറകളുണ്ട്. കല്ലേറ് നടത്തിയവരെ ക്യാമറയുടെ സഹായത്തോടെ തിരിച്ചറിയാനാണ് ശ്രമം. ദൃശ്യങ്ങൾ ശേഖരിക്കാൻ മംഗലാപുരം ആർ.പി.എഫിന്റെ സഹായം തേടിയിട്ടുണ്ട്.