പൊലീസുകാർ ചമഞ്ഞ് പണവും സ്വർണവും തട്ടി; ഒരാൾ അറസ്റ്റിൽ
2 പേർക്കായി അന്വേഷണം
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരാണെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി ഭവൻ ആണ് പിടിയിലായത്. കൂട്ടുപ്രതികളായ രണ്ടുപേർക്കായി നോർത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് സ്വദേശിയായ 24കാരനും ഇയാൾക്കൊപ്പം ഉണ്ടായിരുന്ന 22കാരിയുമാണ് മർദ്ദനത്തിനും ഭീഷണിക്കും ഇരയായത്. കൈചെയിൻ, ഐഫോൺ, 5000 രൂപ എന്നിവയാണ് പ്രതികൾ തട്ടിയത്. കലൂർ എസ്.ആർ.എം റോഡിലെ ഒരു ഹോട്ടലിൽ ഈ മാസം രണ്ടിന് പുലർച്ചെ നാലിനായിരുന്നു സംഭവം.
ഡ്രൈവറായ 24കാരനും യുവതിയും നാല് ദിവസം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവദിവസം ജോലി ചെയ്ത പണം നൽകാൻ സുഹൃത്ത് 24കാരനെ കാണാൻ ഹോട്ടലിൽ എത്തിയിരുന്നു. ഇയാൾ മടങ്ങിപ്പോയതിന് പിന്നാലെ ഭവനടക്കം മൂന്ന് പേർ ഹോട്ടലിലെത്തി. റിസപ്ഷനിൽവച്ച് 24കാരനെ പൊലീസിലെ ഡാൻസാഫ് വിംഗിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തടഞ്ഞുനിറുത്തി. പിന്നീട് ബലംപ്രയോഗിച്ച് റൂമിലേക്ക് കൊണ്ടുപോയി. ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബാഗുകളും മറ്റും പരിശോധിച്ചു.
ഇതിനിടെ മേശപ്പുറത്തിരുന്ന 22കാരിയുടെ കൈചെയിനും ഐഫോണും കൈക്കലാക്കി. പിടിവലിക്കിടെ 24കാരന്റെ ജീൻസിന്റെ പോക്കറ്റിൽനിന്ന് 5000 രൂപയും പിടിച്ചുവാങ്ങി. പിന്നീട് പുലർച്ചെ ആറുവരെ ഇരുവരെയും തടങ്കലിലാക്കി. വിവരങ്ങൾ പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് ആവർത്തിച്ച് പ്രതികൾ സ്ഥലംവിടുകയായിരുന്നു. ശനിയാഴ്ച യുവാവും യുവതിയും സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് മണിക്കൂറുകൾക്കകം ഭവനെ പള്ളുരുത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾ ഒളിവിൽ പോയി. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളും യുവാവും തമ്മിൽ ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പണം തട്ടുന്നതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഭവനെ ഇന്ന് കോടതിയിൽ ഹാജരാക്കും.