കാട്ടുപന്നി കുറുകെ ചാടി ; കലുങ്കിൽ ഇടിച്ച കാർ കത്തിനശിച്ചു
കോന്നി : കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇലക്ട്രിക് കാർ റോഡ് അരികിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു തീപിടിച്ചു. പൂർണമായും അഗ്നിക്കിരയായ വാഹനം ഓടിച്ച യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ ചിറത്തിട്ട ശ്രീപാർവ്വതി അമ്മൻ കോവിലിനു സമീപം ശനിയാഴ്ച രാത്രി 1.45നാണ് സംഭവം.
എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്ന തേക്കുതോട് കുന്നംപള്ളിൽ ജിബിൻ കെ.ജെയിംസ് ആണ് കാറിലുണ്ടായിരുന്നത്. കാട്ടുപന്നി കുറുകെച്ചാടിയപ്പോൾ പെട്ടന്ന് വെട്ടിച്ച കാർ റോഡരികിലെ കലുങ്കിന്റെ കരിങ്കൽ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് ജിബിൻ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തീ പടർന്നു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയവരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീയണച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലെ കരിയില വലിയതോതിൽ വീണുകിടന്നയിടത്താണ് അപകടം ഉണ്ടായത്. അപകടത്തിന് മുൻപ് മഴ പെയ്തതിനാൽ തോട്ടത്തിലേക്ക് തീ പടർന്നു പിടിച്ചില്ല.
കത്തി നശിച്ചത് പുതിയ ഇലക്ട്രിക് കാർ
അപകടം ശനിയാഴ്ച രാത്രി 1.45ന്
കല്ലാർ കടന്ന് കാട്ടുമൃഗങ്ങൾ
റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയിലാണ് അപകടം. വനത്തിൽ നിന്ന് കല്ലാർ കടന്ന് കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് പതിവാണ്. കാട്ടാനകൾ, കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, കേഴകൾ, മ്ലാവുകൾ എന്നിവ പതിവായി ഈ ഭാഗത്ത് എത്തുന്നുണ്ട്. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
റോഡിലെ വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങി വരുമ്പോഴാണ് കാട്ടുപന്നി വാഹനത്തിന് മുന്നിലേക്ക് ചാടിയത്. പെട്ടെന്ന് വാഹനം തിരിച്ചതോടെ റോഡ് അരികിലെ കലുങ്കിൽ ഇടിച്ചു . കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും തീ പടർന്നു പിടിച്ചിരുന്നു.
ജിബിൻ കെ ജെയിംസ്
കാർ ഉടമ