ഡെയ്ലി പ്ലാനർ കൃത്യമായ പഠനം സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടിയ ശ്രീജയുടെ പഠനരീതി

Monday 09 March 2026 12:00 AM IST

തിരുവനന്തപുരം: പഠനത്തിന് ഡെയ്ലി പ്ളാനർ. സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിൽ ആറ് മണിക്കൂർ ക്ലാസ്. അതത്രയും എത്രസമയമെടുത്താലും അന്നുതന്നെ പഠിച്ചു തീർക്കും. ചില ദിവസങ്ങളിൽ അതിന് രണ്ടു മണിക്കൂർ മതി. മറ്റുചില ദിവസങ്ങളിൽ ആറ് മണിക്കൂറോളം നീളും. പഠനം കൂടുതൽ സമയവും രാത്രിയിൽ. നരുവാമൂട് രോഹിണി ഭവനിൽ ജെ.എസ്.ശ്രീജ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ 57-ാം റാങ്ക് നേടി കേരള ടോപ്പറായത് കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി.

ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടുമ്പോഴും നിശ്ചയദാർഢ്യമാണ് മുന്നോട്ട് നയിച്ചത്. ഏഴാംക്ളാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) എന്ന ആഗ്രഹം മൊട്ടിട്ടത്. അതിനായി കൃത്യമായ പഠനരീതി പിന്തുടർന്നു. മകളെ പഠനത്തിന് സഹായിക്കാൻ നിർമ്മാണത്തൊഴിലാളിയായ അച്ഛൻ ജയകുമാറിന്റെ കഠിനാദ്ധ്വാനവും അമ്മ ഷീജകുമാരിയുടെ പിന്തുണയും സഹായകമായി.

2024 മേയ് മുതലാണ് സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കി ഗൗരവമായി തയ്യാറെടുപ്പ് തുടങ്ങിയത്. മണിക്കൂറുകൾ കണക്കാക്കിയായിരുന്നില്ല പഠനം. ഒച്ചയെടുത്ത് വായിക്കില്ല. മനസിരുത്തി വായിച്ച് പഠിക്കും. പരിശീലനകേന്ദ്രത്തിലെ ടീച്ചേഴ്‌സിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരും. അവിടെ നടത്തിയ ആദ്യത്തെ ടെസ്റ്റിൽ 250ൽ 75 മാർക്ക് മാത്രമാണ് കിട്ടിയത്. പക്ഷേ, അടുത്ത ടെസ്റ്റിൽ തിരിച്ചു പിടിക്കുമെന്ന് വാശിയായിരുന്നു.

സ്വീഡിഷ് എഴുത്തുകാരനായ ജോനാസ് ജോനാസൺ ആണ് ഇഷ്ടമുള്ള എഴുത്തുകാരൻ. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പത്താംക്ലാസ് പൂർത്തിയാക്കിയത്.പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്ലസ്ടു പഠനം. ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും. പി.ജിക്ക് പഠിക്കുന്ന സമയത്തുതന്നെ യു.ജി.സി നെറ്റ് നേടി. സ്‌കൂൾകാലത്ത് സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ഇംഗ്ലീഷിൽ ചിന്തിച്ച്

ഇംഗ്ലീഷ് പഠനം പ്ലസ്ടുവിന് നല്ല മാർക്ക് നേടിയിരുന്നെങ്കിലും കോളേജിൽ ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒരു വാക്യം തെറ്റാതെ പറയാൻ അറിയില്ലായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോഴാണ് അത് മാറ്റാൻ ശ്രമിച്ചത്. ചുറ്റുമുള്ളവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും. അത് പ്രചോദനമായി. കൂടുതൽ കാര്യങ്ങളും ഇംഗ്ലീഷിൽ ചിന്തിക്കാൻ തുടങ്ങി. രണ്ടുവർഷം തുടർച്ചയായി അങ്ങനെ ചെയ്തപ്പോൾ സ്വാഭാവികമായി സംസാരിക്കാൻ ആത്മവിശ്വാസമായി. കോളേജിൽ ലിറ്റററി ആൻഡ് ഡിബേറ്റിംഗ് സെക്രട്ടറിയായിരുന്നു. അതും ഇംഗ്‌ളീഷ് പേപ്പർ പ്രസന്റേഷനുകളും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇംഗ്ലീഷ് ദിനപത്രങ്ങൾ പതിവായി വായിച്ചിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് ഫ്രണ്ട്‌സ് പോലുള്ള സിറ്റ്‌കോം സീരീസുകൾ കാണുന്നത്. അത് സംഭാഷണ രീതിയിലുള്ള ഇംഗ്ലീഷ് പഠിക്കാൻ സഹായിച്ചു.

സൗഹാർദ്ദത്തോടെ

ഇന്റർവ്യൂ ബോർഡ് പച്ച സാരിയും കോട്ടും ധരിച്ചാണ് സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തിയത്. ജിയോപൊളിറ്റിക്കൽ ചലഞ്ചുകൾ, ക്യൂബൻ മിസൈൽ ക്രൈസിസ്, അമേരിക്കൻ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന ചോദ്യങ്ങൾ. ഇന്റർവ്യൂ സൗഹാർദ്ദപരമായ സംഭാഷണ രീതിയിലായിരുന്നു. ആദ്യം ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ബോർഡ് അംഗങ്ങൾ സൗഹാർദ്ദപരമായി സംസാരിച്ചതോടെ ആത്മവിശ്വാസത്തോടെ മറുപടി പറയാനായി. സിവിൽ സർവീസ് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾ സ്‌കൂൾകാലം ആസ്വദിക്കുക,അക്കാഡമിക മികവിനൊപ്പം എക്‌സ്ട്രാകരിക്കുലർ പ്രവർത്തനങ്ങളിലും പങ്കെടുക്കുക. അത് വ്യക്തിത്വ വികസനത്തിന് സഹായിക്കും.

''2024 മേയിലാണ് പഠനമുറിയിലെ വിഷൻ ബോർഡിൽ 2026ൽ ഐ.എഫ്.എസ് നേടും എന്നെഴുതിയത്. സിവിൽ സർവീസിൽ ഫസ്റ്റ് പ്രിഫറൻസ് ഐ.എഫ്.എസ് ആയതിനാൽ അത് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ഐ.എ.എസ് ലഭിച്ചാലും വീണ്ടും പരീക്ഷ എഴുതാൻ ആലോചനയില്ല. അതിൽ സന്തോഷത്തോടെ ജോലി ചെയ്യും

-ശ്രീജ