മഞ്ചേശ്വരത്ത് ബി.ജെ.പിയെ ഒതുക്കാൻ സി.പി.എം

Monday 09 March 2026 12:06 AM IST
കെ.ആർ ജയാനന്ദ

കെ.ആർ ജയാനന്ദ സ്ഥാനാർത്ഥിയാകും

കാസർകോട്: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വീണ്ടും ഗോദയിൽ ഇറക്കി മഞ്ചേശ്വരം പിടിക്കുന്നത് തടയാൻ തന്ത്രം ഒരുക്കി കാസർകോട് സി.പി.എം. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റിയാണ് സി.പി.എം പുതിയ നിലപാട് സ്വീകരിച്ചത്. ദീർഘകാലമായി സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും നിലവിൽ മഞ്ചേശ്വരം ഏരിയ സെക്രട്ടറിയുമായ കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കുന്നതിന് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്യാനാണ് ഇന്നലെ കാസർകോട് എ.കെ.ജി മന്ദിരത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്.

ഭാഷന്യൂനപക്ഷ മേഖലയിലെ ശക്തനായ നേതാവാണ് കെ.ആർ ജയാനന്ദ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്റെ സാന്നിദ്ധ്യത്തിൽ രാവിലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗം കൈക്കൊണ്ട തീരുമാനം തുടർന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം. രാജഗോപാലൻ റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റി ധാരണ അംഗീകരിച്ച ശേഷമാണ് യോഗം പിരിഞ്ഞത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രനും അഡ്വ. സി.എച്ച് കുഞ്ഞമ്പുവും സുപ്രധാന യോഗത്തിൽ സംബന്ധിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു നേരത്തെ ധാരണ. ഷാനവാസ് പാദൂർ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിന് താല്പര്യവും അറിയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എ.കെ.എം അഷ്‌റഫ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാവുകയും ബി.ജെ.പി സ്ഥാനാത്ഥിയായി കെ. സുരേന്ദ്രൻ വരികയും ചെയ്തതോടെ ചിത്രം മാറി. അതിർത്തി മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഒരേ വിഭാഗത്തിൽ നിന്നുള്ളവർ ആയതിനാൽ വോട്ട് ധ്രുവീകരണം ഉറപ്പാവുകയും ബി.ജെ.പിയുടെ ജയസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സി.പി.എം നേതാക്കൾ വിലയിരുത്തി. സി.എച്ച് കുഞ്ഞമ്പുവിനെ മത്സരിപ്പിച്ച് 2006ൽ കരുത്തനായ ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ചു നിയമസഭയിൽ എത്തിയ ചരിത്രവും മഞ്ചേശ്വരത്ത് ഇടതുമുന്നണിക്കുണ്ട്.

സീറ്റ് പിടിക്കാൻ ഉറച്ച് ബി.ജെ.പി

2016ൽ 89 വോട്ടിനും 2021ൽ 855 വോട്ടിനുമാണ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് യു.ഡി.എഫിനോട് തോറ്റത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്, ബി.ജെ.പി വോട്ടുകളിൽ വലിയ അന്തരം ഉണ്ടെങ്കിലും നേരത്തെ ഇറങ്ങി കളിച്ചാൽ സീറ്റ് പിടിക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. കെ. സുരേന്ദ്രൻ നേരത്തേയെത്തി കാസർകോട് ക്യാമ്പ് ചെയ്ത് പ്രചാരണം തുടങ്ങുകയും ചെയ്തു. മണ്ഡലത്തിലെ മുഴുവൻ ജനകീയ വിഷയങ്ങളിലും ബി.ജെപി ഇപ്പോൾ ഇടപെട്ടുവരുന്നുണ്ട്. കേരള -കർണ്ണാടക അതിർത്തി പങ്കിടുന്ന, രാഷ്ട്രീയത്തിന് അപ്പുറം ജാതിയും മതവും ഭാഷയും വേഷവുമെല്ലാം വോട്ടായി മാറുന്ന, പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഏറെ താമസിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയുള്ള മണ്ഡലവുമാണ് മഞ്ചേശ്വരം.