അമ്മയെ കൊന്നത് ജോളി എന്ന് സിലിയുടെ മകൻ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിൽ ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്നും, അവർ നൽകിയ വെള്ളം കുടിച്ചതോടെയാണ് സിലിയുടെ ബോധം മറഞ്ഞതെന്നും മൂത്ത മകൻ അന്വേഷണസംഘത്തിന് മൊഴി നൽകി.
താമരശേരി പാരിഷ് ഹാളിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം സമീപത്തെ ദന്തൽ ക്ലിനിക്കിൽ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയ മകനും സിലിയുടെ മകനും എത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ഇവിടെവച്ചാണ് സിലി കൊല്ലപ്പെട്ടത്. 'അമ്മ മരിച്ചതിനു ശേഷം ജോളി എന്നെ ദ്രോഹിച്ചിരുന്നു. മാനസികമായും പീഡിപ്പിച്ചിരുന്നു. ഒറ്റപ്പെടുത്തിയതോടെ വീട്ടിൽ അപരിചിതനെ പോലെ കഴിയേണ്ടി വന്നു. ബന്ധുവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്'- മകന്റെ മൊഴിയിൽ പറയുന്നു.
വീണ്ടും കസ്റ്റഡിയിൽ വാങ്ങും
സിലി കൊലക്കേസിൽ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സയനൈഡ് എത്തിച്ച എം.എസ്. മാത്യുവിനെയും ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. റോയി തോമസിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി പ്രജികുമാറിനെ ഈ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
റോയി കൊലക്കേസിൽ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ രണ്ടു വരെ കോടതി നീട്ടിയിരുന്നു. ആറു കൊലപാതകങ്ങളും വ്യത്യസ്ത കേസുകളായാണ് അന്വേഷിക്കുന്നത്. അതിനിടെ, റിയൽ എസ്റ്റേറ്റ് ഇടപാടിൽ ജോളി പലരിൽ നിന്നും പണം കൈപ്പറ്റിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തിരുവമ്പാടിയിലെ ഒരു വ്യാപാരിയ്ക്ക് ഒരു കോടിയോളം രൂപയാണ് ഇടപാടിൽ നഷ്ടമായത്. മറ്റുള്ളവർക്കും പണം തിരികെ നൽകിയിട്ടില്ല.
റോയിയുടെ നമ്പർ ജോൺസന്റെ കയ്യിൽ
റോയി തോമസ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്നത് ജോളിയുടെ സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ ജോൺസൺ ആണെന്ന് പൊലീസ് കണ്ടെത്തി. ഓഫീസിലെ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ ഈ നമ്പർ സ്വന്തം പേരിലേക്കു മാറ്റിയത്. ജോൺസന്റെ പേരിലുള്ള മൊബൈൽ നമ്പറാണ് ജോളി ഉപയോഗിച്ചിരുന്നതെന്ന് നേരത്തേ വ്യക്തമായിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെങ്കിലും അവർ കൊലപാതകിയാണെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി നൽകിയ ജോൺസൺ, ജോളിക്കൊപ്പം താൻ സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും നേരത്തേ സമ്മതിച്ചിരുന്നു.