കനാൽ തകർന്നു ; പുഞ്ച പാടത്തേക്കുള്ള പമ്പിംഗ് മുടങ്ങി
പന്തളം: കരിങ്ങാലി പാടശേഖരത്തിൽ ഉൾപ്പെടുന്ന മഞ്ഞനംകുളം പാടത്ത് വെള്ളമെത്തിക്കുന്ന കനാലിന്റെ ഭിത്തി തകർന്നതോടെ കൃഷിയിടത്തിലേക്കുള്ള പമ്പിംഗ് മുടങ്ങി. മുടിയൂർക്കോണം മഞ്ഞനംകുളം തെക്ക് പാടശേഖരത്തിലേക്ക് അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളമെത്തിക്കുന്ന കനാലിന്റെ 15 മീറ്ററോളം ഭാഗമാണ് പാടത്തേക്ക് പതിച്ചത്. കനാലിന്റെ ഇരുവശത്തെയും ഭിത്തി വിണ്ടുകീറിയ നിലയിലാണ്. വെള്ളം പമ്പുചെയ്യുന്നതിനിടയിൽ കഴിഞ്ഞയാഴ്ചയാണ് കനാൽ തകർന്നത്. അടിഭാഗം കരിങ്കൽകെട്ടി ബലപ്പെടുത്തിയശേഷം മുകളിലേക്ക് കോൺക്രീറ്റുചെയ്ത് ഉയർത്തിയതാണ് കനാൽ. തോട്ടക്കോണം ഭാഗത്തുള്ള പമ്പ് ഹൗസിൽ നിന്നുമാണ് മഞ്ഞനംകുളം പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നത്. തെക്ക് ഭാഗത്ത് വെള്ളത്തിന്റെ ബുദ്ധിമുട്ടുകാരണം കൂടുതൽ ഭാഗം തരിശിട്ടിരിക്കുകയാണ്. മുപ്പത് വർഷം മുമ്പ് പണിത കനാലാണ് തകർന്നത്. ജലസേചനവകുപ്പുദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കരിങ്ങാലി പാട ശേഖരത്തിലെ നൂറുകണക്കിന് ഏക്കർ പുഞ്ചയാണ് ഈ വർഷവും തരിശായി കിടക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കരിങ്ങാലി പാടശേഖരത്തിലെ ചിറമുടി ഭാഗത്ത് വയലുകൾ തരിശ് കിടക്കുകയാണ്.