കഴിവുകളുമായി അകത്തളങ്ങളിലൊതുങ്ങിയ സ്ത്രീകളെ മുന്നോട്ട് കൊണ്ട് വരണം: ഡെപ്യൂട്ടി മേയർ
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയല്ല ആഘോഷിക്കുകയാണ് വേണ്ടതെന്ന് ഡെപ്യൂട്ടി മേയർ ഡോ.എസ് ജയശ്രീ. വനിതാ ദിനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കാൻ കേരളകൗമുദി സംഘടിപ്പിച്ച 'ആദരിക്കുന്നു വനിത ശക്തിയെ' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
എല്ലാ മേഖലകളിലും സ്ത്രീകൾ ശോഭിക്കുമ്പോഴും അകത്തളങ്ങളിൽ ഇന്നും ഒരുപാട് കഴിവുമായി നിരവധി സ്ത്രീകൾ ജീവിക്കുന്നുണ്ട്. ഇത്തരം വനിതകൾക്കും സമൂഹത്തിന്റെ മുൻപന്തിയിലേക്ക് ഉയരാനുള്ള അവസരങ്ങൾ നൽകണം. സ്ത്രീയുടെ കഴിവുകൾ എപ്പോഴും പ്രകടിപ്പിക്കണം. അങ്ങനെയാകുമ്പോൾ മാത്രമാണ് സമത്വം എന്ന സുന്ദര പദത്തിന് അർത്ഥമുണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു. ഡോ.അജിത പി.എൻ (സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജി ആൻഡ് റീപ്രൊഡക്ടീവ് മെഡിസിൻ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ) വനിതാദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ലക്ഷ്മിപ്രിയ രാഘവൻ (സി.ഇ.ഒ ജെ.ജെ ഐ.വി.എഫ് സെന്റർ), രൂപിതാ ദേവരാജ് (ശ്രീ മൂകാംബിക കലാകേന്ദ്രം സാരഥി), അന്ന ജോൺസൺ (സ്റ്റഡി വിത്ത് അന്നൂസ് സാരഥി), ഷഹർബാൻ ഇസഹാക്ക് (ഡീ ലൈൻ സ്കൂൾ ഓഫ് ഡിസൈൻ ), ഡോ.അജിത പി.എൻ (സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജി ആൻഡ് റീപ്രൊഡക്ടീവ് മെഡിസിൻ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ), ശ്രീ ദുർഗ വനിതാ ശിങ്കാരിമേള സമിതി ഭാരവാഹികൾ എന്നിവരെ ആദരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കിയ പ്രത്യേക പതിപ്പ് ഡെപ്യൂട്ടി മേയർ ഡോ.എസ് ജയശ്രീ പ്രകാശനം ചെയ്തു. കേരളകൗമുദി റിപ്പോർട്ടർ അജന്യ ആർ.എസ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീകല കെ.പി സ്വാഗതവും കേരളകൗമുദി സബ് എഡിറ്റർ വർഷ മുരളീധരൻ നന്ദിയും പറഞ്ഞു.